KeralaLatest News

സംസ്ഥാനത്ത് രണ്ടിടത്ത് ബിജെപി അക്കൗണ്ട് തുറക്കും; ഐബി റിപ്പോര്‍ട്ട്

തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംങ് ആണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മികച്ച വിജയമാണ് കേരളത്തിലെ മുന്നണി പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത തെരഞ്ഞെടുപ്പ് കണക്കുകള്‍ അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ (ഐബി) നടത്തിയ ഇലക്ഷന്‍ പ്രവചനം പുറത്തു വന്നു.കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മുന്‍തൂക്കം നേടുമെന്നാണ് ഐബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇലക്ഷന്‍ റിസള്‍ട്ട് പുറത്തു വരുമ്പോള്‍ എല്‍ഡിഎഫിന് നാല് സീറ്റുകള്‍ ലഭിക്കുമെന്നും പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും ഐബിയുടെ റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാന പൊലീസിന്റെ നിയന്ത്രത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ പുറത്തു വിട്ട കണക്കില്‍ കേരളത്തില്‍ 14 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് പറയുന്നത്. യുഡിഎഫിന് 4 സീറ്റുകള്‍ ലഭിക്കും. എന്നാല്‍ ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്താനിടയില്ലെന്നും പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രവചനാതീതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലപ്പുറം, പൊന്നാനി, കോട്ടയം,വയനാട്,എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.  എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് വിജയിക്കും. മാവേലിക്കരയില്‍ തുടക്കത്തിലുണ്ടായിരുന്ന മുന്നേറ്റം അവസാനം വരെയും ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് നിലനിറുത്താനായി.

ചാലക്കുടിയില്‍ ഇന്നസെന്റ് വിജയിക്കും. കൊല്ലത്ത് അതിശക്തമായ വെല്ലുവിളിയുണ്ടെങ്കിലും അവസാന നിമിഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. ആറ്റിങ്ങല്‍, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കാസര്‍ഗോട് എന്നിവിടങ്ങളില്‍ തുടക്കം മുതല്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ശക്തമായ മത്സരം നേരിടുന്ന സ്ഥാനാര്‍ത്ഥികള്‍ ഉള്ള മണ്ഡലങ്ങളില്‍ ഫലത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരാമെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ വിജയിക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോഴിക്കോട് യുഡിഎഫിന് മുന്‍തൂക്കം നല്‍കിയെങ്കിലും ഒളിക്യാമറാ വിവാദം തിരിച്ചടിയായി. ഇത് എല്‍ഡിഎഫിന് ഗുണം ചെയ്യും. തൃശൂരില്‍ സുരേഷ് ഗോപി പിടിക്കുന്നതിലേറെയും യുഡിഎഫ് വോട്ടായതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യതയുണ്ട്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് നേരെ വിപരീതമായ ഫല പ്രവചനമാണ് ഐബി നടത്തുന്നത്.  തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നടത്തി ബിജെപി ലോക്സഭയിലേക്കുള്ള അക്കൗണ്ട് തുറക്കുമെന്നാണ് ഐബി റിപ്പോര്‍ട്ട് പറയുന്നത്. ആറ്റിങ്ങല്‍, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് എന്നിവയാണ് എല്‍ഡിഎഫിന് ലഭിക്കുന്നത്. മറ്റ് 14 മണ്ഡലങ്ങളും യുഡിഎഫിന് ലഭിക്കുമെങ്കിലും കേരളത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ലഭിക്കാന്‍ സാധ്യതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button