Latest NewsKerala

ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിപട്ടികക്ക് അന്തിമരൂപം നല്‍കാനായി ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. കോട്ടയത്താണ് കോര്‍ കമ്മിറ്റി യോഗം നടക്കുന്നത്. അതിനിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് ഡല്‍ഹിയില്‍ എത്തും. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ ഇതോടെ തീരുമാനമുണ്ടായേക്കും.

ഡല്‍ഹിയിലെത്തിയ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് അമിത്ഷായുമായി നടത്തുന്ന ചര്‍ച്ചക്ക് ബിജെപി പട്ടികയുമായി ബന്ധമുണ്ട്. തുഷാര്‍ മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹം അമിത്ഷായെ കാണുന്നത്. തുഷാര്‍ മത്സരിത്തിനിറങ്ങുന്ന പക്ഷം തൃശൂര്‍ ബിഡിജെഎസിന് നല്‍കേണ്ട സാഹചര്യമുണ്ട്. അങ്ങനെയങ്കില്‍ തൃശൂരില്‍ താല്പര്യമുള്ള കെ.സുരേന്ദ്രന് പുതിയ സീറ്റ് കണ്ടെത്തേണ്ടിവരും.

തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ വൈകാതെ സ്ഥാനാര്‍ത്ഥികളെ ഇറക്കാനാണ് ബിജെപി ശ്രമം. ഇതിനായുള്ള ചര്‍ച്ചകള്‍ പലതരത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് കുമ്മനവും കോട്ടയത്ത് പിസി തോമസുമാണ് ഇതിനകം ഉറപ്പിച്ച സ്ഥാനാര്‍ത്ഥികള്‍. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്കൊപ്പം പന്തളം രാജകുടുംബാംഗം ശശികുമാരവര്‍മ്മയെ വീണ്ടും പരിഗണിക്കുന്നതായി വിവരമുണ്ട്.

പാലക്കാട് ശോഭാ സുരേന്ദ്രന്‍, കാസര്‍ക്കോട് പികെ കൃഷ്ണദാസ്, കോഴിക്കോട് എംടി രമേശ് കണ്ണൂരില്‍ സികെപത്മനാഭന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. ആലപ്പുഴയില്‍ പി.എസ്.സി മുന്‍ ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണനെയും കൊല്ലത്ത് ആനന്ദബോസിനെയും പരിഗണിക്കുന്നുണ്ട്. ഒരു സീറ്റില്‍ ഒന്നിലധികം പേരുള്ള പട്ടികയാകും തയ്യാറാക്കുക. കോര്‍ കമ്മിറ്റി തയ്യാറാക്കുന്ന പട്ടികയില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാകും പ്രഖ്യാപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button