ന്യൂഡല്‍ഹി : ലക്ഷം കോടിയുടെ ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവസാന കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു പുതിയ പ്രഖ്യാപനം. .
33,690 കോടി രൂപ അടങ്കലുള്ള മുംബൈ സബര്‍ബന്‍ റെയില്‍വേ വികസനം, 25,000 കോടി രൂപ ചെലവില്‍ ഡല്‍ഹി മെട്രോ നാലാം ഘട്ടം, ബിഹാറിലെ ബക്‌സറില്‍ താപവൈദ്യുതി നിലയം (10,439 കോടി രൂപ), സിക്കിമില്‍ തീസ്ത ജലവൈദ്യുതി നിലയം (5,748 കോടി), എയര്‍ സ്ട്രിപ്പുകള്‍ (4,500 കോടി), എയ്ഡ്‌സ് നിയന്ത്രണം (6,435കോടി) കരിമ്പു കര്‍ഷകര്‍ക്കും പഞ്ചസാര മില്ലുകള്‍ക്കും സഹായം (2,790 കോടി) തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
പദ്ധതികളെല്ലാം ഇടക്കാല ബജറ്റിന്റെ ഭാഗമല്ലെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. എങ്കിലും പല പദ്ധതികളുടെയും തുടര്‍ച്ചയ്ക്കു മന്ത്രിസഭയുടെ അംഗീകാരം ആവശ്യമുണ്ട്. പുതിയ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന പൂര്‍ണ ബജറ്റിലും ഇവ ഉള്‍പ്പെടുത്തേണ്ടി വരും.
പ്രഖ്യാപിച്ച ചില പ്രധാന പദ്ധതികള്‍
‘മൊബിലിറ്റി സൊല്യൂഷന്‍സ്’: ശുദ്ധ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനു നിതി ആയോഗിന്റെ ‘മൊബിലിറ്റി സൊല്യൂഷന്‍സ്’ കര്‍മരേഖയ്ക്ക് അംഗീകാരം. 5 വര്‍ഷത്തിനകം സ്റ്റോറേജ് ബാറ്ററി നിര്‍മാണത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റും. വമ്പന്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനു പ്രത്യേക പ്രോത്സാഹന പദ്ധതികള്‍. വൈദ്യുതി വാഹനങ്ങളുടെയും സ്‌പെയര്‍ പാര്‍ട്ടുകളുടെയും നിര്‍മാണ പദ്ധതികളുമായി ഇതു ബന്ധിപ്പിക്കും.
ഉഡാന്‍ പദ്ധതി പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന 50 വിമാനത്താവളങ്ങളും എയര്‍ സ്ട്രിപ്പുകളും കൂടി പുനരുദ്ധരിക്കും. ആദ്യ രണ്ടു ഘട്ടങ്ങളില്‍ 129 വിമാനത്താവളങ്ങളും എയര്‍ സ്ട്രിപ്പുകളും പുനരുദ്ധരിച്ച് 20 എയര്‍ലൈനുകള്‍ക്ക് 458 റൂട്ടുകള്‍ അനുവദിച്ചിരുന്നു.
വിമുക്തഭടന്മാരുടെ ആരോഗ്യപദ്ധതി: വിമുക്തഭടന്മാരുടെ ആരോഗ്യപദ്ധതിയില്‍ 43,000 പേരെക്കൂടി ഉള്‍പ്പെടുത്തി. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്തവര്‍, എമര്‍ജന്‍സി കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍, സേവനം പൂര്‍ത്തിയാക്കാതെ വിരമിച്ചവര്‍, ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കും പങ്കാളികള്‍ക്കും പ്രയോജനം.
കേന്ദ്രസര്‍വകലാശാലകളില്‍ പട്ടികജാതി, വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനു മുന്‍പുണ്ടായിരുന്ന സംവിധാനം പുനഃസ്ഥാപിക്കുന്നതിനു കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.
Post Your Comments