മുംബൈ•തീരദേശ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി മഹാരാഷ്ട്ര സമുദ്രതീരത്ത് നീരവ് മോദി പണിതുയര്‍ത്തിയ നൂറ് കോടി വിലവരുന്ന ബംഗ്ലാവ് സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കാനൊരുങ്ങി സര്‍ക്കാര്‍. കരുത്തോടെ നിർമ്മിച്ചിരിക്കുന്ന ബംഗ്ലാവ് നിയന്ത്രിത സ്ഫോടനങ്ങൾ നടത്തി തകർക്കാനാണ് തീരുമാനം. സ്വാഭാവികരീതിയിൽ പൊളിക്കുന്നതിന് മാസങ്ങൾ വേണ്ടി വരുമെന്നതിനാലാണ് ഇത്തരത്തില്‍ പൊളിച്ചുനീക്കാന്‍ തീരുമാനമെടുത്തത്.
വലിപ്പത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ച് മുപ്പത്തിമൂവായിരം ചതുരശ്ര അടിയിലാണ് ബംഗ്ലാവ് പണികഴിപ്പിച്ചിരിക്കുന്നത്. തൂണുകൾ തുളച്ച് സ്ഫോടക വസ്തുക്കൾ നിറച്ച ശേഷം റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തി തകർക്കാനാണ് പദ്ധതി.
നീരവ് മോദിയുടെ 148 കോടി വില വരുന്ന സ്വത്തുക്കൾ മുംബൈയിൽ നിന്നും സൂറത്തിൽ നിന്നും കഴിഞ്ഞയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് പിടിച്ചെടുത്തിരുന്നു. നേരത്തെ വിദേശത്തും നാട്ടിലുമായി 1726 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടു കെട്ടിയിരുന്നു. ഇതിനു പുറമെ നീരവ് മോദി ഗ്രൂപ്പിന്റെ 490 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ-വജ്രാഭരണങ്ങളും മറ്റ് വിലയേറിയ വസ്തുക്കളും കണ്ടുകെട്ടിയിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ച് 13,000 കോടിയോളം രൂപ തട്ടിയെടുത്തുവെന്നതാണ് നീരവ് മോദിക്കെതിരെയുള്ള കേസ്.
Post Your Comments