അടുത്ത പത്ത് വർഷത്തിനകം രണ്ടു കോടി തെങ്ങുകൾ കേരളത്തിൽ നട്ടു വളർത്തുമെന്ന് കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. വെള്ളായണി കായൽ പാടശേഖരം വികസന പ്രവൃത്തികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു വാർഡിൽ 75 തെങ്ങിൻ തൈകൾ വച്ച് വിതരണം ചെയ്യും. ഇതിനായി 15 ലക്ഷം തെങ്ങിൻതൈകൾ തയ്യാറായിക്കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായെങ്കിലും കാർഷിക മേഖല തകർച്ചയെ അതിജീവിച്ച് നേട്ടം കൈവരിച്ചതായി മന്ത്രി പറഞ്ഞു. ആയിരം ദിവസങ്ങൾക്ക് മുമ്പ് കാർഷിക മേഖല നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ 3.68 ശതമാനം വർളച്ചയുണ്ടായി. 2016ൽ കടുത്ത വരൾച്ചയും 2017ൽ ഓഖിയും 2018ൽ പ്രളയവും കാർഷിക മേഖലയെ ബാധിച്ചു. പ്രളയത്തിൽ അടിഞ്ഞു കൂടിയ എക്കൽ മികച്ച കാർഷിക വിളവിന് കാരണമായി. എട്ട് ശതമാനം വരെ വിളവ് വർദ്ധനയുണ്ടായിട്ടുണ്ട്. കുട്ടനാട് മേഖലയിൽ മാത്രം 14,000 ഹെക്ടറിൽ അധിക നെൽകൃഷിയിറക്കി. 75000 മെട്രിക് ടൺ അധിക നെല്ലുൽപാദനമാണ് കുട്ടനാട് രേഖപ്പെടുത്തിയത്.
400 ചെറിയ റൈസ് മില്ലുകൾ സർക്കാർ സ്ഥാപിച്ചതോടെ കർഷകരുടെ നേതൃത്വത്തിൽ 47 അരി ബ്രാന്റുകളുണ്ടായി. ഉപഭോക്തൃ സംസ്ഥാനത്തിൽ നിന്ന് ഉത്പാദന സംസ്ഥാനമായി കേരളം മാറണമെന്ന് മന്ത്രി പറഞ്ഞു. മൂന്നര കോടി രൂപയാണ് വെള്ളായണി കായൽ പാടശേഖര വികസന പ്രവൃത്തികൾക്കായി ചെലവഴിക്കുന്നത്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. പി. മുരളി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത്, തദ്ദേശസ്ഥാപന പ്രതിനിധികളായ സതീശൻ, ആർ. ജയലക്ഷ്മി, എസ്. കുമാർ, ഷൈലജ സുരേഷ്ബാബു, മനോജ് കെ. നായർ, പാടശേഖരസമിതി പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Post Your Comments