Latest NewsKerala

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക്‌ അടിയറവയ്‌ക്കുന്നത്‌ വന്‍കൊള്ളയും കുംഭകോണവും- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം•തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക്‌ അടിയറവയ്‌ക്കുന്നത്‌ വന്‍കൊള്ളയും കുംഭകോണവുമാണ്‌. ഒരു രൂപപോലും മുടക്കാതെ 30,000 കോടി ആസ്ഥിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം മോദിയും അദാനിയും കൂടി തട്ടിയെടുക്കുകയാണ്‌. വിമാനത്താവളത്തിനു കേരളം സൗജന്യമായി 635 ഏക്കര്‍ ഭൂമിയാണ്‌ നല്‍കിയത്‌. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന്‌ 23.57 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ 2005-ല്‍ തീരുമാനിച്ചത്‌ ഉപാധിയോടെയായിരുന്നു. ഏതെങ്കിലും കാരണവശാല്‍ വിമാനത്താവള അതോറിട്ടി ഒരു കമ്പനിയായി മാറ്റുകയോ അതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയുടെ വില സര്‍ക്കാര്‍ ഓഹരിയായി മാറ്റണമെന്നായിരുന്നു നിബന്ധന. തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്ന തീരുമാനം എടുക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാമെന്ന്‌ 2003-ല്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രേഖാമൂലം ഉറപ്പു നല്‍കിയതാണ്‌. കേരളത്തിന്‌ പങ്കാളിത്തമുള്ള പ്രത്യേക ഉദ്ദേശ കമ്പനി (എസ്‌.പി.വി) രൂപീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്ന്‌ അന്ന്‌ സര്‍ക്കാരിനു ഉറപ്പു നല്‍കിയതായിരുന്നു. എന്നാല്‍ ഈ ഉറപ്പുകളെല്ലാം ലംഘിച്ചുകൊണ്ട്‌ ഗവണ്‍മെന്റ്‌ ഭൂമിയും സൗകര്യങ്ങളുമുപയോഗിച്ച്‌ പടുത്തുയര്‍ത്തിയ മഹാസ്ഥാപനം പകല്‍ക്കൊള്ളക്കാണ്‌ ഇരയാകുന്നത്‌.

തിരുവനന്തപുരം വിമാനത്താവളം കൈവശത്താക്കിയതോടെ അദാനിക്ക്‌ യൂസേഴ്‌സ്‌ ഫീ ഇനത്തില്‍ മാത്രം 50 കൊല്ലംകൊണ്ട്‌ കിട്ടുന്ന ലാഭം 10,700 കോടി രൂപയാണ്‌. ലാന്റിംഗ്‌ ഫീസിനത്തില്‍ ലാഭം ചുരുങ്ങിയത്‌ 6,912 കോടി രൂപയാണ്‌. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 19,08,489 യാത്രക്കാര്‍ ആഭ്യന്തരമായും 24,01,631 യാത്രക്കാര്‍ രാജ്യാന്തരതലത്തിലും തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്‌തിരുന്നു. 43,10,120 യാത്രക്കാരാണ്‌ കഴിഞ്ഞവര്‍ഷം യാത്ര ചെയ്‌തത്‌. ഇതില്‍ ആഭ്യന്തരയാത്രക്കാര്‍ 468 രൂപയും വിദേശയാത്രക്കാരന്‍ 958 രൂപയും യൂസേഴ്‌സ്‌ ഫീ ഇനത്തില്‍ നല്‍കണം. ഇതനുസരിച്ച്‌ 2017-18-ലെ കണക്കു നോക്കിയാല്‍ ഒരു വര്‍ഷം ലഭിക്കുന്നത്‌ 326 കോടി രൂപയാണ്‌. ബിഡ്‌പ്രകാരം അദാനി നല്‍കേണ്ടത്‌ ആഭ്യന്തര യാത്രക്കാരനു 168 രൂപയും വിദേശയാത്രക്കാരനു ഇതിന്റെ ഇരട്ടിയോളവുമാണെന്നാണ്‌ ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കില്‍ 336 രൂപയാണ്‌ കൊടുക്കേണ്ടി വരിക. ഈ കണക്കു പ്രകാരം അദാനി എയര്‍പോര്‍ട്ട്‌ അതോറിട്ടിക്ക്‌ കൊടുക്കേണ്ടത്‌ 112 കോടി രൂപയാണ്‌. യൂസര്‍ഫീ ഇനത്തില്‍ മാത്രം 214 കോടി രൂപ അദാനിക്ക്‌ ലാഭം കിട്ടും. തിരുവനന്തപുരത്ത്‌ യാത്രക്കാരുടെ എണ്ണം വര്‍ഷാവര്‍ഷം വര്‍ദ്ധിച്ചുവരികയാണ്‌. ഇതു കണക്കിലെടുക്കാതെ നിലവിലെ വ്യവസ്ഥയനുസരിച്ച്‌ അദാനിക്ക്‌ യൂസര്‍ഫീ ഇനത്തില്‍ മാത്രം 50 കൊല്ലം കൊണ്ട്‌ ലഭിക്കുന്ന ലാഭം 10,700 കോടി രൂപയാവും. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 170 കോടി രൂപ ലാഭമുണ്ടാക്കിയതാണ്‌ വിമാനത്താവളം. വിമാനത്താവളത്തിന്റെ മൊത്തം ആസ്‌തി 30,000 കോടിയിലധികമാണ്‌. ഒരു വിമാനം ലാന്റ്‌ ചെയ്യുന്നതിന്‌ ഓരോ വിമാനത്തിനും വിമാനകമ്പനി വിമാനത്താവളത്തിന്‌ ലാന്റിംഗ്‌ ചാര്‍ജ്ജ്‌ നല്‍കണം. ബോയിങ്‌ 737 പോലുള്ള വലിയ വിമാനങ്ങള്‍ ലാന്റ്‌ ചെയ്യുമ്പോള്‍ ഒരു ലക്ഷം രൂപ ലാന്റിംഗ്‌ ചാര്‍ജായി നല്‍കണം. ചെറുവിമാനങ്ങള്‍ക്ക്‌ 48,000 മുതലാണ്‌ ലാന്റിംഗ്‌ ചാര്‍ജ്‌. ഒരു ദിവസം ചുരുങ്ങിയത്‌ 80 വിമാനങ്ങളാണ്‌ തിരുവനന്തപുരത്തു വന്നുപോകുന്നത്‌. ചുരുങ്ങിയ ചാര്‍ജായ 48,000 വച്ചു നോക്കിയാല്‍ പ്രതിദിനം 38,40,000 രൂപ ലഭിക്കും. ഒരു മാസത്തേക്ക്‌ 11 കോടി 52 ലക്ഷം രൂപ, ഒരു വര്‍ഷത്തേയ്‌ക്ക്‌ 138 കോടി 24 ലക്ഷം, 50 വര്‍ഷത്തേയ്‌ക്ക്‌ 6912 കോടി രൂപ അദാനിക്കു ലഭിക്കും. കഴിഞ്ഞ വര്‍ഷം 63 കോടിക്കാണ്‌ ഡ്യൂട്ടി ഫ്രീ ഷോപ്പ്‌ വിറ്റുപോയത്‌. മണി എക്‌സ്‌ചേഞ്ച്‌ വഴി 60 ലക്ഷവും, ഷോപ്പുകള്‍ ലേലം കൊണ്ടവകയില്‍ 63 ലക്ഷവും ഇതിനുപുറമെ ബിവറേജില്‍ നിന്നുള്ള വരുമാനവും, വിസിറ്റേഴ്‌സ്‌ പാസ്സും വഴി കോടികളാണ്‌ ലഭിക്കുന്നത്‌. വാഹനപാര്‍ക്കിംഗ്‌ ഇനത്തില്‍ മാത്രം 90 ലക്ഷം മാസാമാസം ലഭിക്കും ഒരു വര്‍ഷം 10 കോടി രൂപ കിട്ടും. തിരുവനന്തപുരത്തെ കണ്ണായ നൂറുകണക്കേക്കറു ഭൂമി അദാനിക്ക്‌ യഥേഷ്ടം ഉപയോഗിക്കാം. ഷോപ്പിംഗ്‌ മാളുകളും, നക്ഷത്ര ഹോട്ടലുകളും നിര്‍മ്മിച്ച്‌ കോടിക്കണക്കിന്‌ രൂപ ഇതുവഴി ഉണ്ടാക്കാന്‍ അദാനിക്ക്‌ അവസരം കൊടുത്തിരിക്കുന്നു. ആയിരക്കണക്കിനു കോടി രൂപ ഇതുവഴി ഉണ്ടാക്കാം.
തിരുവനന്തപുരം വിമാനത്താവളം ലോകത്തിലെ തന്നെ തന്ത്രപ്രധാന വിമാനത്താവളങ്ങളിലൊന്നാണ്‌. വ്യോമപാതക്ക്‌ തൊട്ടുതാഴെയാണ്‌ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌. ഇത്തവണ ലേല നടപടികള്‍ സ്വീകരിച്ചത്‌ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ്‌. വിമാനത്താവളങ്ങള്‍ മുമ്പ്‌ സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ പുലര്‍ത്തിയിരുന്ന മാനദണ്ഡങ്ങളോ, മാതൃകയോ, ആയിരുന്നില്ല ഇത്തവണ സ്വീകരിച്ചത്‌. ഡല്‍ഹി-മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ റവന്യു ഷെയര്‍ ആയിരുന്നു മാനദണ്ഡം. എയര്‍പോര്‍ട്ടിന്റെ മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം എയര്‍പോര്‍ട്ട്‌ അതോറിട്ടി ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നല്‍കണമെന്നാണ്‌ ആ മാതൃക. ഇത്തവണ ലേല നടപടികള്‍ സ്വീകരിച്ചപ്പോള്‍ നിര്‍മ്മാണ മേഖലയില്‍ 7 വര്‍ഷത്തെ ടേണ്‍ ഓവര്‍ 3500 കോടിയില്‍ കൂടുതലുള്ള ഏതു കമ്പനിക്കും ലേലത്തില്‍ പങ്കെടുക്കാം എന്നാക്കി. 1000 കോടി രൂപ റിസര്‍വ്‌ ഫണ്ടായും കെട്ടിവെയ്‌ക്കണം. ഇത്‌ 6 മാസം കഴിഞ്ഞാല്‍ തിരികെ ലഭിക്കുകയും ചെയ്യും. വിമാനത്തവളത്തില്‍ ഒരു കോഫിഷോപ്പു തുടങ്ങണമെങ്കില്‍പോലും രണ്ടു വര്‍ഷത്തെ അനുഭവം വേണം എന്നാല്‍ വിമാനത്താവള നടത്തിപ്പിനു മുന്‍ അനുഭവം വേണ്ട എന്ന വിചിത്ര നിലപാട്‌ ലേലത്തില്‍ സ്വീകരിച്ചത്‌ അദാനിക്ക്‌ വിമാനത്താവളം ഏല്‍പ്പിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു. 168 രൂപ തന്നെയായിരിക്കും 50 കൊല്ലത്തേയ്‌ക്ക്‌ ഒരു യാത്രക്കാരന്‍ യാത്ര ചെയ്‌താല്‍ എയര്‍പോര്‍ട്ട്‌ അതോറിട്ടിക്ക്‌ ലഭിക്കുക. എന്നാല്‍ ഈതുക കാലാനുസൃതമായി പരിഷ്‌കരിക്കാനുള്ള വ്യവസ്ഥ കരാറിലില്ല. ഇപ്പോഴത്തെ രൂപയുടെ മൂല്യം 10 കൊല്ലം കഴിയുമ്പോഴേക്കും വളരെയേറെകുറയും അപ്പോഴും ലാഭം അദാനിക്കാണ്‌. 1994-ലെ എയര്‍പോര്‍ട്ട്‌ അതോറിട്ടി ഓഫ്‌ ഇന്ത്യാ ആക്ട്‌ 2003-ല്‍ ഭേദഗതി ചെയ്‌തു. 30 കൊല്ലത്തേക്ക്‌ വിമാനത്താവളങ്ങള്‍ സ്വാകാര്യവല്‍ക്കരിക്കാനുള്ള നയം വാജ്‌പേയി സര്‍ക്കാരാണ്‌ സ്വീകരിച്ചത്‌. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്കാണ്‌ നല്‍കിയിരിക്കുന്നത്‌. ഈ തീരുമാനത്തില്‍ എത്തിച്ച വഴികള്‍ ദുരൂഹമാണ്‌.

നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 500ലേറെപ്പേര്‍ അതോറിറ്റിയുടെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്‌. 5000 ത്തോളം പേര്‍ മറ്റ്‌ വിവിധരംഗങ്ങളിലും ജോലി ചെയ്യുന്നുണ്ട്‌. ഇവരില്‍ 80 ശതമാനത്തെ പുതിയ കമ്പനി ഉള്‍ക്കൊള്ളണമെന്നാണ്‌ ഒരു വ്യവസ്ഥ, ബാക്കിയുള്ളവര്‍ പുറത്താക്കപ്പെടും.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനടുത്താണ്‌ വിമാനത്താവളം, വിഴിഞ്ഞം തുറുമുഖത്തിന്റെ നടത്തിപ്പു ചമുതലയും അദാനിക്കാണ്‌. ഭാവിയില്‍ തിരുവനന്തപുരം വിമാനത്താവളത്തെ കാര്‍ഗോയ്‌ക്ക്‌ പ്രാമുഖ്യം നല്‍കുന്ന വിമാനത്താവളമാക്കാന്‍ അദാനിക്കു സാധിക്കും. യാത്രക്കാരുടെ സൗകര്യം അവഗണിക്കപ്പെടും. തെക്കന്‍ കേരളത്തിലെ കടലും ആകാശവും അദാനി ഗ്രൂപ്പിനു സ്വന്തമായിക്കഴിഞ്ഞു. ഈ പകല്‍ക്കൊള്ളക്കെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ചു ചേര്‍ന്നു കേന്ദ്രത്തില്‍ ഇടപെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button