തിരുവനന്തപുരം: കൃഷിക്കാരുടെ വായ്പ്പകൾക്ക് 2019 ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജപ്‌തി നടപടികൾ നിർത്തിവെയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്‌എല്‍ബിസി) പ്രതിനിധികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകര്‍ക്ക് പുതിയ വായ്‌പ നല്‍കുന്നതിന് എസ്‌എല്‍ബിസി അംഗ ബാങ്കുകളോട് നിര്‍ദേശിക്കും. പുതിയ വായ്‌പക്ക് ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ നല്‍കുമെന്നും തീരുമാനമായിട്ടുണ്ട്.
കാര്‍ഷിക കടാശ്വാസ കമ്മീഷന്‍റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് അനുകൂലമായായിരുന്നു ബാങ്ക് പ്രതിനിധികളുടെ പ്രതികരണം. അടിയന്തരമായി എസ്‌എല്‍ബിസിയുടെ ഔപചാരിക യോഗം വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കാന്‍ തീരുമാനിച്ചു. ചില സാങ്കേതിക കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൂടെ അനുമതി ആവശ്യമായിവരുന്ന സാഹചര്യത്തില്‍ എസ്‌എല്‍ബിസിയും സര്‍ക്കാരും ഈ കാര്യങ്ങള്‍ ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തും.
Post Your Comments