മഞ്ചേരി: മഞ്ചേരിയിലെ ചികിത്സാ കേന്ദ്രത്തില്‍ ജിന്ന് ചികിത്സയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം വന്‍ വിവാദമാകുന്നു. കരുളായിയിലെ പത്തുതറപ്പടി കൊളപ്പറ്റ ഫിറോസ് അലി(38)യുടെ മരണത്തെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദം പുകയുന്നത്. സംഭവം വിവാദമായതോടെ പൊലീസ് ചികിത്സാകേന്ദ്രത്തില്‍ റെയ്ഡ് നടത്തി. ജിന്ന് ചികിത്സയെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഫിറോസ് ജിദ്ദയിലെ തന്റെ സുഹൃത്തിനയച്ച ശബ്ദസന്ദേശം ഇതിന്റെ തെളിവാണെന്ന് ഇവര്‍ പറയുന്നു. ഈ സന്ദേശം സാമൂഹികമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.
കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന തന്നെ മഞ്ചേരി ചെരണിയിലെ ഒരു സിദ്ധന്റെയടുത്ത് കൊണ്ടുപോയെന്നും അവിടെ വെച്ച് ജിന്ന് ചികിത്സ നടത്തിയെന്നുമാണ് സന്ദേശത്തിലുള്ളത്. അവശനായപ്പോള്‍ മരുന്ന് ചോദിച്ചിട്ടും വിശ്വാസത്തിനെതിരാണെന്നുപറഞ്ഞ് നല്‍കിയില്ല. തന്റെ അവസ്ഥ ഇനി ഒരാള്‍ക്കും ഉണ്ടാവരുതെന്നാണ് ഫിറോസ് സന്ദേശത്തില്‍ പറയുന്നത്. മൂന്നു ദിവസം മുമ്പ് ഇദ്ദേഹം മരിക്കുകയുംചെയ്തു.എന്നാല്‍ ഈ വിഷയത്തില്‍ ആരും പരാതി തന്നിട്ടില്ലെന്ന് പോലീസ് പറയുന്നു.
അതേസമയം സിദ്ധന്റെ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്തിയിട്ടില്ല. ഈ മേഖലയില്‍ ഇത്തരം ചികിത്സ ഇനി പാടില്ലെന്ന് താക്കീത് നല്‍കുകയും ചെയ്തു. പക്ഷേ, ചില സംഘടനകള്‍ ഇയാള്‍ക്കെതിരേ രംഗത്തുവന്നു കഴിഞ്ഞു. ജിന്ന് ചികിത്സയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.എന്‍.എം. മര്‍ക്കസ്സുദ്ദഅവ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഞ്ചേരിയിലെ ചെരണി റഹ്മത്ത് നഗറിലെ വാടകവീട് കേന്ദ്രീകരിച്ചാണ് ജിന്ന് ചികിത്സ നടത്തിയതെന്ന് യുവാവിന്റെ മൊഴിയിലുള്ളതായി അവര്‍ ആരോപിച്ചു. മന്ത്രങ്ങള്‍ ഉരുവിട്ടും അടിച്ചും മര്‍ദിച്ചും ജിന്നിനെ ഇറക്കിവിട്ട് രോഗം സുഖപ്പെടുത്തുമെന്നാണ് ഇവരുടെ വാഗ്ദാനം. ഇതിനായി വന്‍തുക ഈടാക്കുകയും ചെയ്യുന്നതായി പരാതിയുണ്ടെന്ന് അവര്‍ ആരോപിച്ചു.മാനസിക ശാരീരിക രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ശരിയായ ചികിത്സ നിഷേധിക്കുകയും ജനങ്ങളെ സാമ്പത്തികമായി ചൂഷണംചെയ്യുകയും ചെയ്യുന്ന വ്യക്തികള്‍ക്കും കേന്ദ്രങ്ങള്‍ക്കുമെതിരേ സംസ്ഥാന ആഭ്യന്തരവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Post Your Comments