Latest NewsNattuvartha

ടാങ്കര്‍ ലോറി ബസിലിടിച്ച് മറിഞ്ഞു : ഒഴിവായത് വന്‍ ദുരന്തം

ഇടുക്കി : പെട്രോള്‍ കയറ്റി വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് എതിരെവന്ന ബസുമായി കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. കരിമണലിനു സമീപം തട്ടേക്കണ്ണിയിലാണ് അപകടം ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി. ബസുമായി കൂട്ടിയിടിച്ച ടാങ്കര്‍ ലോറി 50 അടി താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരുക്കേറ്റു.

ലോറി ഡ്രൈവര്‍ പാല ഇടമറുകു സ്വദേശി നരിതൂക്കില്‍ ബാബു ജേക്കബ്(40) ക്ലീനര്‍ മൂലമറ്റം സ്വദേശി വേണുഗോപാല്‍ (38) എന്നിവരെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കട്ടപ്പനയില്‍നിന്നു നിറയെ യാത്രക്കാരുമായി എറണാകുളത്തേക്കു പോകുകയായിരുന്നു ബസ്, എറണാകുളത്തുനിന്നു വന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ടാങ്ക് പൊട്ടി പെട്രോള്‍ ഒഴുകിയെങ്കിലും വന്‍ദുരന്തം ഒഴിവായി. ഇടുക്കി, അടിമാലി എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെത്തുടര്‍ന്നു നേര്യമംഗലം-ഇടുക്കി സംസ്ഥാനപാതയില്‍ പനംകുട്ടി വരെ ഗതാഗതം സ്തംഭിച്ചു. കരിമണലില്‍നിന്നു പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു. ബസ് യാത്രക്കാര്‍ക്കു പരുക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button