Latest NewsKerala

സ്വകാര്യ ആശുപത്രിയെക്കുറിച്ചുള്ള ഗുരുതരമായ ആരോപണം അന്വേഷിക്കണം – ബി.ജെ.പി

ആലപ്പുഴ•ആലപ്പുഴ തുമ്പോളിയിൽ പ്രവർത്തിക്കുന്ന പ്രൊവിഡൻസ് ഹോസ്പിറ്റൽ എന്ന ആശുപത്രിയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വർത്തയെകുറിച്ച് അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.

അത്യന്തം ഗുരുതരമായ ആരോപണമാണ് ആശുപത്രിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. അനാവശ്യമായി രോഗികളെ കീറിമുറിച്ച് സാമ്പത്തികലാഭമുണ്ടാക്കാനുള്ള ആശുപത്രി അധികാരികളുടെ നീക്കം ഞെട്ടിക്കുന്നതാണ്. രോഗിയുടെ ജീവൻ കൊണ്ട് അമ്മാനമാടുന്ന ഇത്തരം സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടുകയും കൊലപാതക ശ്രമത്തിന് കേസ് എടുക്കുകയും വേണം. ഇതിനുമുൻപും ഈ ആശുപത്രിക്കെതിരെ ഇതുപോലെ ആരോപണം ഉയർന്നിട്ടുണ്ട്. രോഗിയുടെ പോക്കറ്റ് നോക്കി രോഗം നിർണ്ണയിക്കുന്ന ഇവർ അമിത മരുന്ന് രോഗികൾക്ക് നൽകുന്നതായും ആവശ്യമില്ലാത്ത പല ടെസ്റ്റുകളും ചെയ്യിക്കുന്നതായും ആരോപണമുണ്ട്. ഇത് മറ്റുപല രോഗങ്ങളിലേക്കും ജനത്തിനെ തള്ളിവിടുന്നു.

ആരോഗ്യവകുപ്പിലുള്ള ഉന്നതരുമായിട്ടുള്ള ബന്ധമാണ് ഇവർക്കെതിരെ നടപടി എടുക്കുന്നതിൽ നിന്നും അധികാരികളെ പിൻവലിക്കുന്നതെന്നും ആരോപണമുണ്ട്. ഈ ആശുപത്രിയുടെ നടുവിലൂടെയുള്ള നീർച്ചാൽ ആശുപത്രി കയ്യേറിയിട്ടും വില്ലേജിലെയോ പഞ്ചായത്തിലെയോ അധികാരികൾ അനങ്ങിയിട്ടില്ല. ആശുപത്രിക്കെതിരെയുള്ള ആരോപണം അന്വേഷിച്ച് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി ബി.ജെ.പി. രംഗത്തു വരുമെന്ന് ജി. വിനോദ് കുമാർ പറഞ്ഞു.

നിയോജക മണ്ഡലം ഭാരവാഹികളായ ജി.മോഹനൻ, എൻ.ഡി.കൈലാസ്, കെ.പി.സുരേഷ് കുമാർ എന്നിവരും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button