സിറിയയില്‍ അന്താരാഷ്ട്ര സഖ്യസേന പിടികൂടിയ ഐ.എസ് തീവ്രവാദികളില്‍ കുവൈത്ത് പൗരന്മാര്‍ ഉള്‍പെട്ടിട്ടില്ലെന്നു റിപ്പോര്‍ട്ട്. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ നാടുവിട്ട് ഇനിയും തിരിച്ചുവരാത്ത പൗരന്മാര്‍ക്കായി അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ചിലരെങ്കിലും തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നിട്ടുണ്ടാവാമെന്ന സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണോ ഇവര്‍ നാടുവിട്ടതെന്ന് പറയാന്‍ കഴിയില്ലെന്നും മറ്റെന്തെങ്കിലും കാരണത്താല്‍ സ്ഥിരമായി കുവൈത്ത് ഉപേക്ഷിച്ചുപോയതാവാനും ഇടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള അനേഷണം കുവൈത്ത് സുരക്ഷാ വിഭാഗം തുടരുന്നുണ്ട്. അതിനിടെ ഐ.എസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് സഖ്യ സേന വ്യക്തമാക്കി.
സിറിയയില്‍ ഐ.എസ് വിരുദ്ധ സഖ്യ സേന പിടികൂടിയ തീവ്രവാദികളില്‍ 200 ഇറാഖ് പൗരന്മാരെ കൈമാറിയിരുന്നു. ബാക്കിയുള്ളവരുടെ രേഖകള്‍ പരിശോധിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അതത് രാജ്യങ്ങള്‍ക്ക് വൈകാതെ കൈമാറും. ഇക്കൂട്ടത്തില്‍ കുവൈത്ത് പൗരന്മാര്‍ ഇല്ലെന്നാണ് സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ നേരത്തെ നാടുവിട്ട നിരവധി കുവൈത്ത് പൗരന്മാര്‍ ഇനിയും തിരിച്ചുവരാത്തതായുണ്ട്. ഇവര്‍ എവിടെയാണെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
Post Your Comments