ഇടുക്കി : ഏലപ്പാറയിലേയ്ക്ക് വഴി ചോദിച്ച ടോറസ് ലോറി ഡ്രൈവര്‍ക്ക് ചെലവായത് ഭീമമായ തുക. നാട്ടുകാരനോട് വഴി ചോദിച്ചതാണ് ലോറി ഡ്രൈവര്‍ക്ക് വിനയായത്. ആന്ധ്രാപ്രദേശില്‍നിന്ന് അരിയുമായെത്തിയ ടോറസ് ലോറി ഡ്രൈവര്‍ക്കാണ് വഴിചോദിച്ച് 40,000 രൂപ ചെലവായത്. ഉപ്പുതറയിലെ മൊത്തവ്യാപാരിക്കുവേണ്ടി അരി കൊണ്ടുപോയ ലോറി ഡ്രൈവര്‍ക്കാണ് ഭീമമായ നഷ്ടം നേരിട്ടത്. കുമളി കടന്ന് പഴയ പാമ്പനാറില്‍ എത്തിയശേഷം സംശയം തീര്‍ക്കാന്‍ ഡ്രൈവര്‍ വഴിയോരത്തുനിന്ന ആളോട് എലപ്പാറയ്ക്കുള്ള വഴി അന്വേഷിച്ചു. താനും അതേ വഴിക്കാണെന്നും എളുപ്പവഴി കാട്ടിത്തരാമെന്നും പറഞ്ഞ് അയാളും ലോറിയില്‍ കയറി.
കുട്ടിക്കാനം വഴിയുള്ള പ്രധാനപാത ഉപേക്ഷിച്ച് തേയിലത്തോട്ടം വഴിയുള്ള ഇടുങ്ങിയ വഴിയാണ് വഴികാട്ടി നിര്‍ദേശിച്ചത്. റോഡിനെക്കുറിച്ച് ധാരണയില്ലാതെ ഡ്രൈവര്‍ വാഹനമോടിച്ചു തുടങ്ങി. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ കൊടും വളവോടുകൂടിയ കുത്തുകയറ്റത്തില്‍ ലോറി നിന്നു. അരിയുടെ ഭാരം കാരണം പിന്നിലേക്ക് ഉരുണ്ട ലോറിയുടെ പിന്‍ഭാഗം റോഡിലെ ടാറിങ്ങില്‍ കുത്തിനിന്നു. ഇതോടെ ഇതിലേയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തി ലോറി മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ വഴികാട്ടിത്തരാമെന്നു പറഞ്ഞ് ഒപ്പംകൂടിയ ആളും മുങ്ങി. ലോറിയില്‍നിന്ന് അരി മാറ്റിയ ശേഷം ക്രെയിന്‍ സംവിധാനം ഉപയോഗിച്ചാണ് ലോറി മാറ്റിയത്. രണ്ടു ലോറികളില്‍ അരി കയറ്റിവിട്ടതിനും ക്രെയിന്‍ സംവിധാനം ഉപയോഗിച്ചതിനുമാണ് ഡ്രൈവര്‍ക്ക് 40,000 രൂപ ചെലവായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തടസ്സം നീക്കിയത്.
Post Your Comments