കോഴിക്കോട്: അക്യുപങ്ചര്‍ ചികിത്സയ്ക്ക് അംഗീകാരം നല്‍കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അക്യുപങ്ചര്‍ സയന്‍സ് അസോസിയേഷന്‍ (എഎസ്എ) ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച അക്യൂപങ്ചറിന് സംസ്ഥാന സര്‍ക്കാരിനു കീഴില്‍ കൗണ്‍സിലും തുടര്‍ന്ന് ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാല്‍ പരമ്പരാഗത ചികിത്സാ രീതി സാധാരണക്കാര്‍ക്ക് ലഭ്യമാകുമെന്നും എ എസ് എ അറിയിച്ചു.
അക്യൂപങ്ചര്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഡോ. എം പി അബ്ദുല്‍ ഗഫൂര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടതാണ് ഇക്കാര്യം. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നതും 103 രാജ്യങ്ങള്‍ അംഗീകരിച്ചതുമായ രണ്ടാമത്തെ വലിയ ചികിത്സാ വിഭാഗമാണ് അക്യുപങ്ചര്‍. നേര്‍ത്ത സൂചി ഉപയോഗിച്ച് ശരീരത്തിലെ ചില പ്രത്യേക പോയിന്റുകളെ ഉത്തേജിപ്പിച്ച് ഊര്‍ജപ്രവാഹം ശക്തിപ്പെടുത്തുകയും അതുവഴി രോഗശമനം സാധ്യമാക്കുകയുമാണ് അക്യുപങ്ചറിന്റെ രീതി. 2003ല്‍ മോഡ് ഓഫ് തെറാപ്പി ആയി അക്യുപങ്ചറിന് അംഗീകാരം നല്‍കിയിരുന്നു. 2019 ഫെബ്രുവരി 26നാണ് അക്യുപങ്ചറിനെ സ്വതന്ത്ര വൈദ്യശാസ്ത്ര വിഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.
Post Your Comments