കൊല്ലം: മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ കരൾരോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള വകഭേദങ്ങളാണുള്ളത്. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം വഴിയും ബി, സി ,ഡി രക്തം, ശരീരസ്രവങ്ങൾ എന്നിവയിൽക്കൂടിയുമാണ് പകരുന്നത്. ഹെപ്പറ്റെറ്റിസ് ബി, സി എന്നിവയ്ക്കെതിരെയാണ് ഏറ്റവും കൂടുതൽ ജാഗ്രത പാലിക്കേണ്ടത്.
ബി യും സിയും നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സിറോസിസ്, കരളിലെ ക്യാൻസർ എന്നീ രോഗങ്ങൾക്കിടയാക്കും. ബി, സി രോഗബാധിതരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘനാൾ വേണ്ടിവരും. രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും വൈറസ്ബാധ കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ഈ സാഹചര്യത്തിൽ രക്തപരിശോധന നടത്തണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
എച്ച്‌ഐവിക്ക് സമാനമായ പകർച്ചാരീതിയാണ് ഹെപ്പറ്റൈറ്റിസ് ബി, സി ക്കുമുള്ളത്. ചികിത്സയുടെ ഭാഗമായി രക്തവും, രക്തോത്പന്നങ്ങളും ഇടക്കിടെ സ്വീകരിക്കേണ്ടിവരുന്ന രോഗികൾ, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവർ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുള്ളവർ, രക്തവും, രക്തോൽപന്നങ്ങളും കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ, പച്ചകുത്തുന്നവർ ( ടാറ്റു ) എന്നിവർക്ക് രോഗസാധ്യത കൂടുതലാണ്.
ഹെപ്പറ്റൈറ്റിസ് ബി – സി- തടയാൻ മുൻകരുതൽ പാലിക്കണം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കണം. മറ്റുള്ളവരുടെ ഷേവിംഗ് ഉപകരണങ്ങൾ, ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിക്കരുത്. ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ ഷേവിങ് ഉപകരണങ്ങൾ, ടാറ്റു ഷോപ്പിലെ ഉപകരണങ്ങൾ എന്നിവ ഓരോ പ്രാവശ്യത്തെ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം.
കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ് പട്ടികപ്രകാരമുള്ള കുത്തിവെയ്പ്പ് നൽകുന്നത് രോഗത്തിൽനിന്നും സംരക്ഷണം നൽകും. കുഞ്ഞുങ്ങൾക്ക് 6,10,14 ആഴ്ചകളിൽ നൽകുന്ന പൊന്റാവാലന്റ് വാക്സി നിൽ ഹെപ്പറൈറ്റിസ് ബി വാക്സിനും അടങ്ങിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് രോഗബാധിതർ യഥാസമയം ചികിത്സതേടണമെന്നാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.
Post Your Comments