ബംഗളൂരു: നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണം പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുതല്‍ക്കൂട്ടാകുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ. പാകിസ്താനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമാകും. യുവജനത ആക്രമണത്തില്‍ സന്തുഷ്ടരാണ്. 28 സീറ്റുകളുള്ള കര്‍ണാടകയില്‍ ഏകദേശം 22 സീറ്റെങ്കിലും പിടിച്ചെടുക്കാന്‍ ഇത് മൂലം എളുപ്പത്തില്‍ സാധ്യമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രദുര്‍ഗയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തി കടന്ന് നടത്തിയ വ്യോമാക്രമണവും ഇതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്‌നങ്ങളും ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തമായി നിലനില്‍ക്കെയാണ് മുതിര്‍ന്ന ബിജെപി നേതാവിന്റെ ഇത്തരത്തിലുള്ള പരാമര്‍ശം.
Post Your Comments