പാക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ കാണാതായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കി. അന്തര്‍ദേശീയ തലത്തില്‍ നയതന്ത്രസമ്മര്‍ദ്ദം ശക്തമാക്കുന്നതടക്കം സാധ്യമായ മുഴുവന്‍ വഴികളും ഇന്ത്യ തേടും.
പാകിസ്താന്റെ കസ്റ്റഡിയിലുള്ള വ്യോമസേനയുടെ പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ. പരിക്കേറ്റ പൈലറ്റിനെ മോശമായി ചിത്രീകരിച്ചതിലുള്ള പ്രതിഷേധവും പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ഷായെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കൈമാറി. നേരത്തേ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനങ്ങളിലൊന്ന് ഇന്ത്യ വെടിവെച്ചിട്ടിരുന്നു.അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്താനുള്ള പാകിസ്താന്‍ വ്യോമസേനയുടെ ശ്രമത്തെ ധീരമായി ചെറുത്തുതോല്‍പിക്കുന്നതിനിടെയാണ് ഇന്ത്യന്‍ പൈലറ്റിന കാണാതായത്.
ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി പാകിസ്താന്‍ എഫ് 16 വിമാനങ്ങളുപയോഗിച്ച് ഇന്ത്യയില്‍ ആക്രമണത്തിന് മുതിര്‍ന്നു. എന്നാല്‍ ഇന്ത്യയുടെ വ്യോമസേന സമയോചിതമായി ഇടപെട്ടതോടെ പാകിസ്താന്‍ പിന്‍വാങ്ങി. ഒരു പാക് യുദ്ധവിമാനം വെടിവെച്ചിടുകയും ചെയ്തു. മിഗ് 21 ബൈസണ്‍ പോര്‍വിമാനങ്ങളുപയോഗിച്ചായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഈ ആകാശപ്പോരിനിടെയാണ് ഇന്ത്യയുടെ മിഗ് 21 വിമാനം നഷ്ടമായത്. വിമാനം വെടിവെച്ച് ഇട്ടെന്നും പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലാണെന്നും അവകാശപ്പെട്ട പാകിസ്താന്‍, മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു.ഇതിനിടെ പാകിസ്താനെതിരെ കൂടുതല്‍ ലോകരാജ്യങ്ങള്‍ രംഗത്തുവന്നു. ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് തലവനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യു.എന്‍ രക്ഷാസമതിയില്‍ ആവശ്യപ്പെട്ടു.പാക് ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിരോധത്തിലായി. പാകിസ്താനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഡല്‍ഹിയിലും കശ്മീരിലും വിഘടനവാദികളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.
Post Your Comments