ന്യൂഡൽഹി : ഇന്ത്യയുടെ ശക്തമായ നയതന്ത്ര നീക്കങ്ങളുടെ ശ്രമഫലമാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ മോചനമെന്നാണ് വിലയിരുത്തല്‍. ലോകരാജ്യങ്ങളെയുപയോഗിച്ച് പാകിസ്ഥാന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നേരിട്ട് സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്താനുള്ള ശ്രമങ്ങളില്‍ ഇടപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇമ്രാന്‍ ഖാന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വിശദമാക്കിയ നയതന്ത്ര വിദഗ്ധര്‍ സംശയത്തോടെ മാത്രമാണ് പാകിസ്ഥാന്റെ തീരുമാനത്തെ നിരീക്ഷിക്കുന്നത്.
സമാധാന സന്ദേശമായാണ് അഭിനന്ദിനെ വിട്ടയ്ക്കുന്നതെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവന മുഖവിലയ്ക്ക് എടുക്കാന്‍ സാധിക്കില്ലെന്നാണ് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. പാക് പ്രധാനമന്ത്രിയുടെ തീരുമാനമല്ല പലപ്പോഴും പാകിസ്ഥാനില്‍ നടപ്പിലാവുക. അതുകൊണ്ട് തന്നെ കരുതലോടെയിരിക്കണമെന്നാണ് നയതന്ത്ര വിദഗ്ധര്‍ വിശദമാക്കുന്നത്.
ചൈനയും സൗദി അറേബ്യയും സൈനിക നടപടിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും സംയമനം പാലിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതും പാകിസ്ഥാന്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ മോചനമെന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ കാരണമായെന്നാണ് വിലയിരുത്തുന്നത്.
Post Your Comments