ന്യൂഡല്‍ഹി : വിമാനകമ്പനിയുടെ ഭാഗത്തു നിന്ന് വീഴ്ചകള്‍ വന്നാല്‍ വിമാനയാത്രക്കാര്‍ക്ക്
ടിക്കറ്റ് തുക തിരിച്ചു നല്‍കും, സൗജന്യ ഭക്ഷണം, താമസം. അങ്ങനെ വിമാനയാത്രികര്‍ക്ക് ലഭ്യമാകേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന പാസഞ്ചര്‍ ചാര്‍ട്ട് പുറത്തുവിട്ടു. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് ചാര്‍ട്ട് പുറത്തുവിട്ടത്. നിശ്ചയിച്ച വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രികര്‍ക്ക് ലഭ്യമാക്കേണ്ട അവകാശങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചുമാണ് ഇതില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പാസഞ്ചര്‍ ചാര്‍ട്ടര്‍ പ്രകാരം വിമാനം നാല് മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ യാത്രികര്‍ക്ക് ഭക്ഷണവും ലഘുപാനീയങ്ങളും നല്‍കാന്‍ വ്യോമയാന കമ്പനികള്‍ ബാധ്യസ്ഥരാണ്. ആറ് മണിക്കൂറിലേറെ വൈകിയാല്‍ ടിക്കറ്റ് തുക പൂര്‍ണ്ണമായും മടക്കി നല്‍കണം. രാത്രി എട്ടിനും പുലര്‍ച്ചെ മൂന്നിനും ഇടക്കുള്ള വിമാനം ആറ് മണിക്കൂറിലേറെ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ യാത്രികര്‍ക്ക് ഹോട്ടല്‍ താമസം നല്‍കണം.
ആറ് മണിക്കൂറിലേറെ വിമാനം വൈകുമെങ്കില്‍ കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പെങ്കിലും യാത്രികരെ വിവരം അറിയിച്ചിരിക്കണം. ഇനി വിമാനം റദ്ദാക്കുകയാണെങ്കില്‍ രണ്ടാഴ്ച്ച മുമ്പെങ്കിലും വിവരം യാത്രികരെ അറിയിക്കണം. കൂടാതെ ടിക്കറ്റ് തുക മടക്കി നല്‍കുകയോ മറ്റേതെങ്കിലും വിമാനത്തില്‍ യാത്ര ഉറപ്പിക്കുകയോ ചെയ്യാനും വൈമാനിക കമ്പനികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇനി ഏതെങ്കിലും യാത്രികര്‍ക്ക് കണക്ഷന്‍ ഫ്ളൈറ്റില്‍ കയറാനാകാതെ വന്നാല്‍ പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥയുണ്ട്.
ആഭ്യന്തര യാത്രകളില്‍ യാത്രികര്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ ഈടാക്കിയ നികുതി, പാസഞ്ചര്‍ സര്‍വീസ് ഫീസ് എന്നിവ വ്യോമയാന കമ്പനികള്‍ തിരിച്ചു നല്‍കാന്‍ ബാധ്യസ്ഥരാണ്. ഇനി വിദേശ വിമാനങ്ങളാണെങ്കില്‍ അതാത് കമ്പനികളുടെ ആഭ്യന്തര നയത്തിനനുസരിച്ചായിരിക്കും ഈ തുക ലഭിക്കുക. വിമാനാപകടത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ യാത്രികര്‍ക്ക് 20 ലക്ഷം രൂപ നല്‍കാനും കമ്പനികള്‍ ബാധ്യസ്ഥരായിരിക്കും.
Post Your Comments