
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണരേഖ കടന്ന് ഇന്ത്യ ജയ്ഷെ ക്യാമ്പുകള്‍ ആക്രമിച്ചതിന് തെളിവുണ്ടെന്ന് വ്യോമസേന വക്താവ് ആര്‍ജികെ കപൂര്‍. ജയ്ഷെ ക്യാമ്പുകള്‍ ആക്രമിച്ചതിനും ലക്ഷ്യം കൈവരിച്ചതിനുമുള്ള വ്യക്തമായ തെളിവുകള്‍ കൈവശമുണ്ട്. അതെപ്പോള്‍ പുറത്തുവിടണം എന്ന് തീരുമാനിക്കേണ്ടത് സർക്കാർ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ കര-നാവിക-വ്യോമ സേനാ മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സാഹചര്യങ്ങള്‍ വിശദീകരിച്ചത്.
പ്രതിരോധ സേനാ വക്താകള്‍ നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. എന്ത് ലക്ഷ്യമിട്ടാണോ വ്യോമസേന തീവ്രവാദി ക്യാമ്പുകളില്‍ ആക്രമണം നടത്തിയത് ആ ലക്ഷ്യം സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്ന കാലത്തോളം അത്തരം ക്യാമ്പുകള്‍ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ എഫ് 16 പോര്‍വിമാനങ്ങളും അമോറാം മിസൈലുകളും പാകിസ്ഥാന്‍ ഉപയോഗിച്ചതായും പ്രതിരോധ സേനയുടെ വക്താകള്‍ പ്രത്യേക വാര്‍ത്തസമ്മേളനത്തില്‍ വെളിപ്പെടുത്തി. പാക്കിസ്ഥാന് ഇനി പ്രകോപിച്ചാല്‍ കടുത്ത തിരിച്ചടി നല്കുമെന്നു കരസേനയിലെ മേജര്‍ ജനറല്‍ സുരേന്ദര്‍ സിംഗ് ബഹല്‍, നാവികസേനയിലെ റിയര്‍ അഡ്മിറല്‍ ദല്‍ബീര്‍ സിംഗ് ഗുജ്റാള്‍, വ്യോമസനേയിലെ എയര്‍ വൈസ് മാര്‍ഷല്‍ ആര്.ജി.കെ. കപൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ വൈമാനികനെ വിട്ടയച്ചതില്‍ സന്തോഷം ഉണ്ടെന്നും വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments