മലപ്പുറം: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജ് വിദ്യാര്‍ത്ഥികകളായ റിന്‍ഷാദിനും മുഹമ്മദ് ഫാരിസിനും നിബന്ധനകളോടെ ജാമ്യം ലഭിച്ചു. മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജില്ല വിട്ടുപോകരുത്, എല്ലാ ദിവസവും സ്റ്റേഷനില്‍ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം. കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍ കോളേജ് ക്യാമ്പസില്‍ പതിച്ചെന്ന പ്രിന്‍സിപ്പലിന്റെ പരാതിയിലായിരുന്നു വിദ്യാര്‍ത്ഥികളുടെ അറസ്റ്റ്.
നാല് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെയാണ് റിന്‍ഷാദിനെയും മുഹമ്മദ് ഫാരിസിനെയും മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പോസ്റ്റര്‍ ക്യാമ്പസില്‍ പതിച്ചത് തങ്ങളല്ലെന്നായിരുന്നു ഇരുവരുടേയും വാദം. എന്നാല്‍ പോസ്റ്റര്‍ പതിച്ചതിനെതിരെ പൊലീസില്‍ പരാതിപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളുടെ വാദം തള്ളിക്കളഞ്ഞിരുന്നു.
രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് റിന്‍ഷാദ്. മുഹമ്മദ് ഫാരിസ് ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയും. തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണിവര്‍. ബുധനാഴ്ചയാണ് ക്യാന്പസില്‍ പോസ്റ്റര്‍ പതിച്ചത്. പ്രിന്‍സിപ്പലാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്. എസ്എഫ്‌ഐ അനുഭാവിയായിരുന്ന റിന്‍ഷാദ് സംഘടനയ്ക്ക് തീവ്രത പോരെന്ന നിലപാട് സ്വീകരിച്ചാണ് നാല് മാസം മുന്‍പ് ആര്‍എസ്എഫ് രൂപീകരിച്ചത്. ഈ സംഘടനയ്ക്ക് പ്രവര്‍ത്തനാനുമതി തേടിയിരുന്നെങ്കിലും കോളേജ് അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല.
Post Your Comments