Latest NewsIndia

കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിന് പിന്നില്‍ കോടികളുടെ അഴിമതി- കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം•തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങള്‍ സ്വകാര്യ വത്കരിച്ച് ഗൗതംഅദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിന് പിന്നില്‍ കോടികളുടെ അഴിമതിയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ കോടികള്‍ ചെലവാക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായി നില്‍ക്കുമ്പോളാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങള്‍ പാര്‍ലമെന്‍റിന്‍റെ അനുമതിയില്ലാതെ വില്‍ക്കാന്‍ തീരുമാനിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതും കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അത് വില്‍ക്കുന്നതും പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. എന്നാല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷം അദാനിക്കും അംബാനിക്കുമൊക്കെ രാജ്യത്തിന്‍റെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ വില്‍ക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത അവസ്ഥയില്‍ പരസ്യമായി കച്ചവടമാണ് നടന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.

സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം മറികടന്നു കൊണ്ട് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കേണ്ട യാതൊരു ആവശ്യവും ഇപ്പോള്‍ ഇല്ല. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിയുടെ കമ്പനിക്ക് പൂര്‍ണ്ണ അധികാരം നല്‍കി എയര്‍പോര്‍ട്ടിന്‍റെ ഉടമസ്ഥാവകാശം തീറെഴുതി കൊടുക്കുന്നത് അംഗീകരിക്കാനാകില്ല.

തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളുടെ കൈമാറ്റം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും അദാനിയും തമ്മില്‍ ഉണ്ടാക്കിയ വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ദുരൂഹ സാഹചര്യത്തിലാണ് വിമാനത്താവളം കൈമാറ്റം നടത്താന്‍ പോകുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവ് മുതല്‍ നരേന്ദ്രമോദിയുടെ മാനസപുത്രനായ ഗൗതം അദാനി, മോദിക്കും ബി.ജെ.പിക്കും അവിഹിത ഇടപാടുകള്‍ നടത്തി കോടികള്‍ ലാഭമുണ്ടാക്കി കൊടുത്ത വ്യക്തിയാണ്.

ഈ കോടികളുടെ ഏറിയ പങ്കും ബി.ജെ.പിയുടെ ഫണ്ടിലേക്കാണ് പോയിക്കൊണ്ടിരുന്നത്. കേന്ദ്രത്തില്‍ അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കുന്ന നരേന്ദ്രമോദി ഇന്ത്യയെ സ്വകാര്യ വ്യവസായികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വില്‍ക്കുന്ന ഭരണാധികാരിയായി മാറിയിരിക്കുകയാണ്.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിറ്റ് തുലയ്ക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികളാണ് എയര്‍പോര്‍ട്ട് ജീവനക്കാരും നാട്ടുക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സമരത്തിന് കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് അടിയറവ് വെയ്ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍തിരിയണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button