കൊല്‍ക്കത്ത: ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാകുറിപ്പില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേര് കണ്ടത് വിവാദമാവുന്നു. കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗൗരവ് ദത്ത്. സംഭവത്തെ തുടര്‍ന്ന് മമത ബാനര്‍ജിക്കെതിരെ ശക്തമായ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.
ആത്മഹത്യാ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തന്നെ അപ്രധാന പോസ്റ്റില്‍ ഒതുക്കിയതായും സ്ഥാനക്കയറ്റങ്ങള്‍ തരാതെ പീഡിപ്പിച്ചതായും കുറിപ്പില്‍ ദത്ത് പറയുന്നു. വിരമിച്ചതിനു ശേഷം ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ പിടിച്ചുവെച്ചെന്നും ആരോപണമുണ്ട്. 2018 ഡിസംബര്‍ 31-നാണ് ഗൗരവ് ദത്ത് ജോലിയില്‍ നിന്നും വിരമിച്ചത്. ആത്മഹത്യാ കുറിപ്പ് എങ്ങനെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് എന്ന് വ്യക്തമല്ല.
ഗൗരവ് ദത്ത് 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ കൈത്തണ്ട മുറിച്ച നിലയില്‍ കണ്ടെത്തിയത്. ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ ദത്ത് അബോധാവസ്ഥയിലായിരുന്നു. കൈയ്യില്‍ നിന്ന് രക്തം വാര്‍ന്ന് ഒഴുകിയിരുന്നു. രക്തം ഒഴുകുന്നത് തടയാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന്, 8:30 ഓടെ ദത്ത് മരണത്തിന് കീഴടങ്ങിയതായി ആസ്പത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
Post Your Comments