തിരുവനന്തപുരം: ഫെബ്രു 25: കേന്ദ്ര സർക്കാരിൻ്റെ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ പദ്ധതി കേരള സർക്കാരിൻ്റെ പദ്ധതിയാണെന്ന തരത്തിൽ കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ വ്യാജപ്രചാരണം നടത്തിയത് രാഷ്ട്രീയ അല്പത്തരമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാർ.
കേന്ദ്ര പദ്ധതി തങ്ങളുടേതാണന്ന തരത്തിൽ മുഖ്യമന്ത്രിയുടെയും, മന്ത്രിയുടെയും ചിത്രങ്ങളോടു കൂടിയ പ്രചരണത്തിനെപറ്റി മുഖ്യമന്ത്രിക്ക് എന്തു പറയാനുണ്ടെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് കുമാർ ചോദിച്ചു.
അപേക്ഷ നൽകിയാൽ മൂന്ന് ദിവസത്തിനകം സഹായം കിട്ടുന്ന പദ്ധതിയിൽ ഇതുവരെ 2.6 ലക്ഷം കർഷകർ കേരളത്തിൽ നിന്ന് ഗുണഭോക്താക്കളായിട്ടുണ്ട്.
പ്രധാനമന്ത്രി ഇന്നലെ ഗോരഖ്പൂരിൽ വച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതിൻ്റെ തത്സമയ സംപ്രേക്ഷണമാണ് തിരുവനന്തപുരത്ത് വച്ച് നടന്നത്. ഈ പരിപാടിയിലാണ് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം സംബന്ധിച്ചത്. എന്നാൽ ഇതേ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കൃഷിമന്ത്രി കോട്ടയം ജില്ലയിൽ വച്ച് നടത്തിയത് അപഹാസ്യവും, രാഷ്ട്രീയ അല്പത്തരവുമാണ്. എന്നാൽ ജനങ്ങൾക്ക് വളരെ ഗുണകരമാവേണ്ട ആയുഷ്മാൻ പദ്ധതി നടപ്പാക്കാതിരിക്കുന്നത് ഇരട്ടത്താപ്പാണ്.
എൻ. എസ്. എസി നെതിരെ മുഖ്യമന്ത്രി പിണറായി വിജയനും, സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തുന്ന പ്രസ്താവനകളെ കുമാർ അപലപിച്ചു. ഒരു സാമുദായിക സംഘടന എന്ന നിലയിൽ സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കാൻ എൻ. എസ്. എസിന് സ്വാതന്ത്ര്യമുണ്ട്. ശബരിമല വിഷയത്തിൽ തുടക്കം മുതലെ എൻ. എസ്. എസ്. വിശ്വാസികൾക്ക് ഒപ്പമാണ്. അതൊരു നിലപാടായി കണ്ട് കുലീനമായി പ്രതികരിക്കുന്നതിന് പകരം എൻ. എസ്. എസ്. മാർക്സിസ്റ്റ് പാർട്ടിക്ക് എതിരാെണെന്ന് വരുത്തി തീർത്ത് പിറകെ നടന്ന് പുലഭ്യം പറയുന്ന രീതിയാണ് സി പി എം പിൻതുടരുന്നത്.
എൻ. എസ്. എസ്. എന്ന സാംസ്കാരിക പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വരുന്നതിനും മുൻപ് സാമൂഹ്യ നീതിക്കായി നടന്ന സമരങ്ങളിൽ കേരളത്തിൻ്റെ നവോത്ഥാന മണ്ഡലത്തിൽ പ്രഥമസ്ഥാനത്തായിരുന്ന കാര്യം മറന്ന് പോകരുതെന്നും കുമാർ അഭിപ്രായപ്പെട്ടു.
Post Your Comments