കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തേക്കും തൊഴില്‍ രംഗത്തേക്കുമുള്ള പ്രവേശനത്തില്‍ ശാസ്ത്രീയ സമീപനം കൈ വന്നിട്ടില്ലെന്ന് എം. സ്വരാജ് എംഎല്‍എ. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷപരിപാടികളുടെ ഭാഗമായി ചൂരക്കാട് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് അങ്കണത്തില്‍ തൃപ്പൂണിത്തുറ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കരിയര്‍ ഡെവലെപ്‌മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥിയുടെ കഴിവും അഭിരുചിയും അനുസരിച്ചുള്ള തുടര്‍പഠനത്തില്‍ ശാസ്ത്രീയ സമീപനത്തിന്റെ അഭാവമുണ്ട്. മുന്‍ഗാമികളായ വിദ്യാര്‍ത്ഥികളെ മാതൃകയാക്കിയോ അത്രയ്ക്ക് അപഗ്രഥിക്കാത്ത അഭിപ്രായങ്ങളെ മുഖവിലയ്‌ക്കെടുത്തോ ആണ് വിദ്യാര്‍ത്ഥികള്‍ തുടര്‍ ചുവടുകള്‍ വെക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് മാര്‍ഗദര്‍ശനം നല്‍കുന്ന സ്ഥാപനമാണ് ലഭിക്കാന്‍ പോകുന്നത്. കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ സേവനം സൗജന്യമായിരിക്കും. ജില്ലയിലെ സെന്റര്‍ തൃപ്പൂണിത്തുറയില്‍ ആരംഭിക്കാന്‍ തൊഴില്‍ വകുപ്പ് മന്ത്രി നടത്തിയ ഇടപെടല്‍ എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മന്ദിരത്തോടൊപ്പം ഐ.ടി ലാബ്, കോണ്‍ഫറന്‍സ് ഹാള്‍, ട്രെയിനിംഗ് ഹാള്‍ എന്നീ സൗകര്യങ്ങളോടെ കുട്ടികളുടെ അഭിരുചി മനസ്സിലാക്കി പഠനമേഖല തിരഞ്ഞെടുക്കുന്നതിനും വിവിധ തൊഴില്‍മേഖലകളെക്കുറിച്ച് കൂടുതല്‍ അറിയാനും മികച്ച തൊഴില്‍ മേഖല കണ്ടെത്താനും സഹായിക്കുന്ന കരിയര്‍ ഡെവലെപ്‌മെന്റ് സെന്ററും പ്രവര്‍ത്തിക്കും.
Post Your Comments