ന്യൂഡല്‍ഹി: വനാവകാശ നിയമപ്രകാരം പരിരക്ഷ ലഭിക്കാത്ത ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്നും ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍. കഴിഞ്ഞ ആഴ്ച്ചയാണ് ആദിവാസികളെ ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കേരളം അടക്കം 16 സംസ്ഥാനങ്ങളില്‍ നിന്നായി 11 ലക്ഷത്തില്‍ അധികം ആദിവാസികള്‍ വനത്തിന് പുറത്താകുമെന്നാണ് കണക്ക്.
ഛത്തിസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ ഉടന്‍ പുനപരിശോധന ഹരജി സമര്‍പ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് തീരുമാനം. യു.പി.എ സര്‍ക്കാര്‍ കൊണ്ട് വന്ന വനാവകാശ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയെ അഭിഭാഷകരെ ഹാജരാക്കി പ്രതിരോധിക്കാന്‍ കോടതിയില്‍ കേന്ദ്രം തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി ഭരണമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. സംസ്ഥാനങ്ങളുടെ അടിയന്തര ഇടപെടല്‍ വിഷയത്തില്‍ അനിവാര്യമാണെന്നും പുനപരിശോധന ഹരജി സമര്‍പ്പിക്കണമെന്നും രാഹുല്‍ കത്തില്‍ നിര്‍ദേശിച്ചിരുന്നു. വന്‍ തോതിലുള്ള ഈ ഒഴിപ്പിക്കലിനെ തടയേണ്ടതുണ്ടെന്നാണ് പാര്‍ട്ടി നിലപാട്. പുനപരിശോധന ഹരജി സമര്‍പ്പിക്കാന്‍ ഛത്തിഗഡ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ ഇക്കാര്യം പഠിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു.
Post Your Comments