KeralaLatest News

ശാസ്ത്രീയ സൗകര്യങ്ങള്‍ ഉപയോഗിച്ച് റോഡപകടങ്ങള്‍ കുറയ്ക്കലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം: മന്ത്രി ഏ.കെ.ശശീന്ദ്രന്‍

മൂവാറ്റുപുഴ: ശാസ്ത്രീയമായ സൗകര്യങ്ങളും പരിശീലനങ്ങളും സംയോജിപ്പിച്ച് റോഡപകടങ്ങള്‍ കുറയ്ക്കലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യമെന്ന് ഗതാഗതമന്ത്രി ഏ.കെ.ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ് ടെസ്റ്റ് സെന്റര്‍, ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ് ഫിറ്റ്‌നസ് സ്‌റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് പ്രതിവര്‍ഷം 45000 വാഹന അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഈ അപകടങ്ങളില്‍ പ്രതിവര്‍ഷം 4500 പേര്‍ മരിക്കുന്നുണ്ട്. ദിവസേന 13 പേര്‍ എന്ന ക്രമത്തിലാണത്. വാഹന നിയമങ്ങള്‍ പാലിക്കാതെയുള്ള അശ്രദ്ധമായ ഡ്രൈവിങ്ങും റോഡുകളിലെ അശാസ്ത്രീയതയുമാണ് ഇതിന് പ്രധാന കാരണം. വാഹന പരിശോധന ശക്തമാക്കിയും നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ കഠിനമാക്കിയും അപകടങ്ങള്‍ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ് മെന്റ് സ്‌ക്വാഡ് ക്യാമറ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടെ 24 മണിക്കൂറും ഇതിനായി പ്രവര്‍ത്തിക്കും. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് എല്ലാ താലൂക്കുകളിലും ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ് ടെസ്റ്റ് സെന്ററുകളും ടെസ്റ്റിങ്ങ് സ്‌റ്റേഷനുകളും ആരംഭിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ശാസ്ത്രീയമായ ഈ രീതിയുടെ വരവോടെ വര്‍ഷങ്ങളായി ഇതു സംബന്ധിച്ച് നിലനില്‍ക്കുന്ന ആരോപണങ്ങള്‍ ഇല്ലാതാകും. ഇത്തരം സെന്ററുകള്‍ മോട്ടോര്‍ ഡ്രൈവിങ്ങ് സ്‌കൂളുകള്‍ക്ക് യാതൊരു ഭീഷണിയുമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ണ് മാറ്റലുമായി ബന്ധപ്പെട്ട ചില സാങ്കേതികതകള്‍ അവസാനിച്ചാല്‍ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റേഷന്‍ ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.

എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം.എല്‍.എ ജോസഫ് വാഴക്കന്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സുദേഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് മാരായ വള്ളമറ്റം കുഞ്ഞ്, ലതാ ശിവന്‍, പഞ്ചായത്തംഗം മിനി രാജു, പി.കെ.ബാബുരാജ്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡപ്യൂട്ടി ട്രന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി.സുരേഷ് കുമാര്‍ സ്വാഗതവും ആര്‍.റ്റി.ഒ റെജി പി വര്‍ഗീസ് നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയില്‍ ആദ്യത്തേതുമായ സെന്ററാണ് മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button