Latest NewsIndiaCrime

വിവാഹമോചന ഹര്‍ജിയില്‍ വിധിപറയാനിരിക്കെ യുവാവ് ഭാര്യയെ കൊലപ്പെടുത്തി

 

ദിന്‍ഡിഗുല്‍: വിവാഹമോചന ഹര്‍ജിയില്‍ വിധിപറയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. വ്യാഴാഴ്ച വൈകിട്ട് ധാദിക്കൊമ്പിലെ മാര്‍ക്കറ്റിലായിരുന്നു സംഭവം. ധാദിക്കൊമ്പിന് സമീപം കൊട്ടൂര്‍ അവരംപട്ടിയിലെ സെല്‍വരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ കൊലപ്പെടുത്തിയത്. ഇവരുടെ മകള്‍ സുജിതയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

സെല്‍വരാജും ശശികലയും വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇവരുടെ വിവാഹമോചന ഹര്‍ജിയില്‍ വിധി പറയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇയാള്‍ ശശികലയെ കൊലപ്പെടുത്തിയത്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഡ്രൈവറായ ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെല്‍വരാജുമായി പിരിഞ്ഞ ശേഷം ശശികല മകള്‍ക്കൊപ്പം മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്.
സംഭവദിവസം സെല്‍വരാജ് ശശികലയെയും മകളെയും ധാദികൊമ്പ് മാര്‍ക്കറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇവിടെവെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സെല്‍വരാജ് കൈയില്‍ കരുതിയിരുന്ന അരിവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ശശികല സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകള്‍ സുജിതയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button