ബെംഗളൂരു: ഫെയ്‌സ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് ഒന്നിച്ച് ജീവിതം ആരംഭിച്ച ദമ്പതികള്‍ക്ക് ഫെയ്‌സ്ബുക്ക് തന്നെ വില്ലനായി. സാമൂഹികമാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം ഭാര്യയെയും മൂന്നു മാസം പ്രായമുള്ള മകനെയും ഭര്‍ത്താവ് കൊലപ്പെടുത്തി. തുമകൂരു സ്വദേശി സുഷമയും (25) കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന ഭര്‍ത്താവ് രാജുവിനെ പോലീസ് അറസ്റ്റു ചെയ്തു.
ബെംഗളൂരുവിന് സമീപം മദനായകനഹള്ളിയില്‍ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഒന്നര വര്‍ഷംമുമ്പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടാണ് രാജുവും സുഷമയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. സ്ഥിരമായി ഫെയ്‌സ്ബുക്കിലൂടെ പരിചയമില്ലാത്തവരോടും ചാറ്റ് ചെയ്തിരുന്ന സുഷമയ്ക്ക് മറ്റു പലരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ജനുവരി 19-ന് വൈകീട്ട് രാജു സുഷമയെയും മകനെയും കൂട്ടി യാത്രയ്ക്ക് പദ്ധതിയിട്ടു. മൈസൂരു റോഡിലെത്തിയപ്പോള്‍ ബൈക്ക് ഹെജ്ജാല വനത്തിലൂടെ വഴിതിരിച്ചുവിട്ടു. ഇതുവഴി വണ്ടര്‍ലായില്‍ എളുപ്പത്തില്‍ എത്താമെന്ന് പറഞ്ഞായിരുന്നു വഴിതിരിച്ചുവിട്ടത്. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തി സുഷമയെ തലയ്ക്കടിച്ചും കുട്ടിയെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. തുടര്‍ന്ന് ബൈക്കിലെ പെട്രോള്‍ ഒഴിച്ച് മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. പിറ്റേദിവസം ഫോറസ്റ്റ് ഗാര്‍ഡാണ് പകുതികത്തിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ബിഡദി പോലീസില്‍ വിവരം അറിയിച്ചു. പോലീസിന് മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ കാണാതായവരുടെ വിവരങ്ങള്‍ പരിശോധിക്കുകയായിരുന്നു.
അതിനിടെയാണ്, മകളെ കാണാനില്ലെന്നു കാണിച്ച് ജനുവരി 26-ന് സുഷമയുടെ പിതാവ് മദനായകനഹള്ളി പോലീസില്‍ നല്‍കിയ പരാതി ശ്രദ്ധയില്‍പ്പെടുന്നത്. അദ്ദേഹത്തെ വരുത്തി പരിശോധിച്ചപ്പോഴാണ് കൊല്ലപ്പെട്ടത് സുഷമയാണെന്ന് തിരിച്ചറിഞ്ഞത്. ബിഡദി പോലീസ് രാജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തി. സുഷമ എല്ലാസമയവും ഫെയ്‌സ്ബുക്കിലൂടെ മറ്റു പുരുഷന്‍മാരോട് ചാറ്റുചെയ്യുകയായിരുന്നുവെന്നും വീട്ടിലെ കാര്യങ്ങളും കുട്ടിയുടെ പരിചരണവും കാര്യമായി ശ്രദ്ധിക്കാറില്ലായിരുന്നുവെന്നും രാജു പോലീസിനോട് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.
Post Your Comments