തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ഗവി—വാഗമണ്‍—പത്തനംതിട്ട സര്‍ക്യൂട്ടിന്റെ ഭാഗമായുള്ള അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയിലെ വാലി ക്രോസിംഗ് എന്ന ഉപകരണം പൊട്ടിവീണ് സഞ്ചാരികള്‍ക്ക് അപകടം പറ്റിയ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നില്ല.
ഇതുവരെ സംസ്ഥാന ടൂറിസം വകുപ്പിന് പദ്ധതി കൈമാറ്റം ചെയ്തിട്ടുമുണ്ടായിരുന്നില്ല. പദ്ധതി നിര്‍മാണം നടത്തിയ ഹിന്ദുസ്ഥാന്‍ പ്രീ ഫാബ് എന്ന ഏജന്‍സിയുടെ നിയന്ത്രണത്തിലാണ് നിലവില്‍ അഡ്വഞ്ചര്‍ ടൂറിസത്തിനായി സ്ഥാപിച്ച 11 ഘടകങ്ങളും. വാഗമണില്‍ സന്ദര്‍ശനം നടത്തിയ അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളും ‘വാലി ക്രോസിംഗ്’ എന്ന ഉപകരണത്തില്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്. ഒരു സമയം ഒരാള്‍ മാത്രം കയറേണ്ട ഈ സാഹസികോപകരണത്തില്‍ 15പേരാണ് ഒരേസമയം കയറിയതെന്നാണ് അറിഞ്ഞത്. ഇതേ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
Post Your Comments