ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചതോടെ ആളുകള്‍ ഇന്ന് ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ക്ക് പിറകേയാണ്. പ്രകൃതിദത്തം എന്ന വാക്കുകേട്ടാല്‍ ഏത് കൊടും വിഷവും ഒരു മടിയും കൂടാതെ മലയാളികള്‍ കഴിക്കാന്‍ തുടങ്ങി. അതിന് പുളിയായാലും കയ്പ്പായാലും ചവര്‍പ്പായാലും ഒന്നും ഒരു പ്രശ്‌നവുമില്ല. പൊണ്ണത്തടിയും കൊളസ്‌ട്രോളും ഷുഗറും ഒക്കെ കുറയ്ക്കാന്‍ മരുന്നന്വേഷിച്ച് നടക്കുകയാണ് ഇന്ന് പലരും. അങ്ങനെ പല സാധനങ്ങളും പ്രകൃതിദത്തമെന്ന ലേബലില്‍ ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ പലരും കഴിക്കുന്നു. അത്തരത്തില്‍ ഏറെ പ്രചരിക്കുന്നതാണ് ഇലുമ്പന്‍പുളി കൊളസ്‌ട്രോള്‍ കുറയ്ക്കും എന്ന സന്ദേശവും. ഇലുമ്പന്‍ പുളി, ബിലുമ്പി, ചിലുമ്പി, നക്ഷത്രപ്പുളി എന്നിങ്ങനെ ഇത് പല പേരിലും അറിയപ്പെടുന്നു.
എന്നാല്‍ ശരിക്കും ഇലുമ്പന്‍ പുളിക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുള്ള കഴിവുണ്ടോ? അതു ശരിക്കും അറിയില്ല. എന്നാല്‍ എലികളില്‍ ഇലുമ്പന്‍പുളി ജ്യൂസ് കൊളസ്‌ട്രോള്‍ കുറച്ചതായി ഒരു പഠനം ഉണ്ട് താനും. എന്നാല്‍ ഇലുമ്പന്‍പുളി പതിവായി കഴിച്ചാല്‍ അത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. കൊളസ്‌ട്രോളും മറ്റും കുറയാന്‍ ദിവസവും ഇലുമ്പന്‍പുളി ജ്യൂസ് കഴിച്ച് ഒടുവില്‍ കിഡ്‌നി തകരാറിലായ സംഭവങ്ങള്‍ നിരവധിയാണ്.
ഇലുമ്പന്‍ പുളി എങ്ങനെ കിഡ്നി തകര്‍ക്കും എന്നു അത്ഭുതപ്പെടേണ്ട. നേരത്തെ പറഞ്ഞില്ലേ പ്രകൃതിയില്‍ നിന്നു ലഭിക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു വസ്തുവും ആരോഗ്യം പ്രദാനം ചെയ്യില്ല. ഇലുമ്പന്‍ പുളിയില്‍ മറ്റു പഴവര്‍ഗ്ഗങ്ങളെ അപേക്ഷിച്ചു പതിന്മടങ്ങു കൂടുതലുള്ള oxalate ആണ് വില്ലന്‍. ജ്യൂസില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്ന അമിതമായ oxalate ശരീരം പുറം തള്ളുന്നത് കിഡ്നി വഴിയാണ്. കിഡ്നി വഴി പുറംതള്ളപ്പെടുന്ന oxalate കിഡ്നി നാളികളില്‍ അടിഞ്ഞു കൂടുന്നതാണ് കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം. വലിയ അളവില്‍ ഒന്നിച്ചു കഴിക്കുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്. ചെറിയ അളവില്‍ സ്ഥിരമായി കഴിച്ചാല്‍ കിഡ്നിയില്‍ oxalate കല്ലുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.
പ്രമേഹത്തിന്റെ പേരില്‍ ഇലുമ്പന്‍ പുളി ജ്യൂസ് കഴിക്കുന്നവര്‍ പെട്ടന്ന് അപകടത്തില്‍ ചാടാന്‍ സാധ്യത കൂടുതലാണ്. പ്രമേഹവും പ്രഷറും കാരണം നേരത്തെ തന്നെ കിഡ്നി പ്രവര്‍ത്തനത്തില്‍ ചെറിയ തകരാറുകള്‍ ഉള്ളവര്‍ ജ്യൂസ് കുടിച്ചാല്‍ കിഡ്നിയുടെ കാര്യം കഷ്ടമാവുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
Post Your Comments