വിപണിയില്‍ സുപ്രധാന നേട്ടം കൈവരിച്ച് മുന്നേറി റോയൽ എൻഫീൽഡിന്റെ 650 സിസി ബൈക്കുകളായ ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും. വില്‍പ്പനയ്‌ക്കെത്തി മൂന്ന് മാസങ്ങള്‍ക്കകം രാജ്യത്തു ആയിരം യൂണിറ്റുകളുടെ വില്‍പ്പനയാണ് ഇരു ബൈക്കുകളും ചേർന്ന് സ്വന്തമാക്കിയത്.
കഴിഞ്ഞ നവംബറിലാണ് പുതിയ 650 സിസി ഇരട്ട സിലിണ്ടര്‍ ബൈക്കുകളെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയിൽ എത്തിച്ചത്. കമ്പനി പുറത്തിറക്കുന്ന ആദ്യ ആധുനിക പാരലല്‍ ട്വിന്‍ ബൈക്കുകളെന്ന വിശേഷണം വാഹനങ്ങളുടെ പ്രചാരണം ഏറെ വർദ്ധിപ്പിക്കുന്നതും വിപണിയിൽ നേട്ടമായെന്നാണ് വിലയിരുത്തൽ.
നിലവിൽ ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും ബുക്ക് ചെയ്ത ശേഷം കൈയിലെത്താൻ മൂന്നുമാസം വരെ കാത്തിരിക്കണം. വിപണിയിൽ സ്വീകാര്യത വർദ്ധിച്ചതോടെ ഉത്പാദനം കൂട്ടാന്‍ കമ്പനി തീരുമാനിച്ചതിനാൽ 650 സിസി മോഡലുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം ഇനി കുറയും. നിലവില്‍ 2,000 മുതല്‍ 2,500 യൂണിറ്റുകള്‍ പ്രതിമാസം പുറത്തിറങ്ങുന്നുവെങ്കിൽ 4,500 മുതല്‍ 5,000 യൂണിറ്റുകള്‍ വരെ പ്രതിമാസം പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചത്.
Post Your Comments