കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസര്‍കോട്ടെത്തിയ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സിഎം പ്രദീപും സംഘവും കേസ് രേഖകളും ഫയലുകളും പരിശോധിച്ചു. ഉച്ചയോടെ അന്വേഷണം നേരത്തെ രൂപീകരിച്ച പ്രത്യേക സംഘം ക്രൈം ബ്രാഞ്ചിന് കൈമാറി. മറ്റു ഉദ്യോഗസ്ഥരെല്ലാം എത്തി തിങ്കളാഴ്ചമുതല്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിക്കാനാണ് തീരുമാനം. ഡി.ജി.പി ലോക്നാഥ് ബെഹ്റയും അടുത്തയാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കും.
കൃപേഷിനെതിരെ സി.പി.എമ്മുകാര്‍ സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടത്തിയതിന്റെ തെളിവുകളും പുറത്ത് വന്നു. കല്ല്യോട്ട് സ്കൂളില്‍ നേരത്തെ എസ്.എഫ്.ഐ നടത്തിയ പണപിരിവ് കൃപേഷ് എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് കേസിലെ അഞ്ചാം പ്രതി അശ്വിന്റെ സഹോദരന്‍ കൃപേഷിന്റെ ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അവന്‍ ചാവാന്‍ റെഡിയായി ഇവിടെ എല്ലാവരും സെറ്റാണ് എന്നായിരുന്നു ഫോട്ടോയ്ക്കുള്ള അശ്വിന്റെ കമന്റ്. പെരിയയിലെ സഖാക്കള്‍ എന്ന ഫേസ് ബുക്ക് പേജില്‍ ഇവന്‍ കല്ലിയോട്ടെ നേര്‍ച്ചക്കോഴി എന്നാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
ശരത് ലാലിനു നേരെയും ഭീഷണി ഉണ്ടായിരുന്നു. ഈ തെളിവുകളെല്ലാം വെച്ച് ലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ക്രൈംബ്രാഞ്ചിന്റെ തുടര്‍ അന്വേഷണത്തില്‍ ഈ തെളിവുകളെല്ലാം വീണ്ടും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കൊലപ്പെട്ടവരുടെ കുടുംബം.
Post Your Comments