പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പൂർണ സജ്ജമായ പാസ്പോർട്ട് സേവാ കേന്ദ്രം തുറന്നു. ഇതോടെ വളരെ വേഗത്തിൽ പാസ്പോർട്ട് കിട്ടുന്ന രീതിയിലേക്ക് ജില്ല മാറും. പോലീസിന്റെ റിപ്പോർട്ട് ആവശ്യമില്ലാത്തവർക്ക് 48 മണിക്കൂറിനുള്ളിൽ പാസ്പോർട്ട് ലഭിക്കും. ഹെഡ് പോസ്റ്റ് ഓഫിസിൽ പാസ്പോർട്ട് സേവാ കേന്ദ്രം തുടങ്ങിയിട്ട് 2 വർഷമായി. ഇവിടെ അപേക്ഷകരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഫോട്ടോയും വിരൽ അടയാളവും എടുത്ത ശേഷം ഫയൽ തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിലേക്ക് അയയ്ക്കുകയായിരുന്നു പതിവ്.
അവിടെ നിന്നാണ് പാസ്പോർട്ട് അനുവദിക്കുന്നതും അത് അച്ചടിച്ച് തപാലിൽ അയച്ചു കൊടുക്കുന്നതും. പൂർണ സജ്ജമായതോടെ അപേക്ഷ സ്വീകരിക്കുന്നത് മുതൽ അച്ചടി വരെയുളള എല്ലാം ഇവിടെയാകും. ഇതിനായി പുതിയ കൗണ്ടറും അനുവദിച്ചു. ജീവനക്കാരെയും നിയോഗിച്ചു. ക്യാംപ് മോഡൽ ആയിരുന്നുപ്പോൾ അപേക്ഷിച്ചാൽ ഫോട്ടോ എടുക്കാൻ 5 ദിവസം കഴിഞ്ഞാണ് വിളിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലയിൽ 40 പേരുടെ അപേക്ഷ മാത്രമാണ് ദിവസം പരിഗണിച്ചിരുന്നത്.
പൂർണതോതിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ ദിവസം 100 പേരുടെ അപേക്ഷ പരിശോധിക്കും. ഏത് ജില്ലയിലുള്ളവർക്കും ഇവിടെ അപേക്ഷ നൽകാം. ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിച്ചു.
Post Your Comments