കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പോലീസ് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും പോലീസ് പലരേയും ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല എന്നും സുധാകരന്‍ ആരോപിച്ചു. കൊലപാതകം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് വരെ ശാസ്താ ഗംഗാധരന്റെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുന്‍കൂട്ടി വീടുപൂട്ടി സ്ഥലംവിട്ട ആളോട് പ്രാഥമികമായി ഒരു ചോദ്യം പോലും ചോദിക്കാന്‍ പോലീസിന് സാധിച്ചില്ലെങ്കില്‍ ഈ പണിനിര്‍ത്തി പോലീസ് പോകണമെന്നും സുധാകരന്‍ പറഞ്ഞു.
നഷ്ടപ്പെട്ടത് ഞങ്ങളുടെ രണ്ട് ചെറുപ്പക്കാരാണ്. ഇങ്ങനെ നിസംഗമായി അന്വേഷിക്കാന്‍ പോലീസിനെ ഞങ്ങള്‍ അനുവദിക്കില്ല. നിരവധി ആളുകളെ ചോദ്യം ചെയ്യാനുണ്ടായിട്ടും ഇവരോടൊന്നും പോലീസ് ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. ഇതിലൊക്കെ ഗൂഢാലോചനയുണ്ട്. പലരുടെയും വാക്കുകളും പ്രസ്താവനകളും ഉണ്ടായി. ആ പ്രസ്താവനകള്‍ നടത്തിയ ആരെയെങ്കിലും പിടിച്ചോയെന്നും അദ്ദേഹം ചോദിച്ചു.
ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ട ആരെയെങ്കിലും ചോദ്യം ചെയ്തോ, മുസ്തഫയെ ചോദ്യം ചെയ്തോ, കൈവെട്ടണമെന്ന് പറഞ്ഞ കുഞ്ഞിരാമനെ ചോദ്യം ചെയ്തോ. ഇവരെ ആരെയും അഞ്ചുമിനിട്ടു പോലും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല എന്നു പറയുമ്പോള്‍ അന്വേഷണം ഗതിമാറിയാണ് ഒഴുകുന്നത് എന്നതാണ് സത്യം. പ്രതികളെ അവിടെ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചവര്‍ ഉണ്ട്. പോലീസുകാര്‍ക്ക് അത് അറിയാം. പക്ഷേ അവരെ ഇതുവരെ പോലീസ് വിളിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും സുധാകന്‍ ചൂണ്ടിക്കാട്ടി.
Post Your Comments