ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധിക്കപ്പെട്ട 41 ഭീകര സംഘടനകളില്‍ പകുതിയും പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയോ പാക്ക് ബന്ധമുള്ളവയോ ആണെന്ന് ആഭ്യന്തര മന്ത്രാലയരേഖകള്‍. ഈ സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ പിന്തുണയും സഹായവും നല്‍കുന്നു.വിവിധ ഭീകര സംഘടനകളെ നിരോധിച്ചതായി പാക്കിസ്ഥാന്‍ പ്രഖ്യാപിക്കുമ്പോഴും പ്രധാന സംഘടനകളായ ഹിസ്ബുല്‍ മുജാഹിദീന്‍, ഹര്‍കത്തുല്‍ മുജാഹിദീന്‍, അല്‍ ബദ്‌ര്‍ എന്നിവ കശ്മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് നിശ്ശബ്ദത തുടരുന്നു.
പുല്‍വാമ ആക്രമണം നടത്തിയ ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് എന്നിവര്‍ പാക്കിസ്ഥാനില്‍ സ്വതന്ത്രരായി വിഹരിക്കുകയാണ്. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം പാക്കിസ്ഥാന്‍ ആണെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ ദിവസം നിരോധിക്കപ്പെട്ട ജമാ അത്തുദ്ദഅവ ഉള്‍പ്പെടെ 69 ഭീകര സംഘടനകളാണു പാക്കിസ്ഥാനില്‍ നിരോധനം നേരിടുന്നത്.
ഇതിനിടെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തു. ജെയ്‌ഷെ മുഹമ്മദിന്റെ പേരു പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നടപടി. പാക് പഞ്ചാബിലെ ബഹാല്‍പൂരിലാണ് ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം. ക്യാംപിനുള്ളില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചതായി പാക് ഭരണകൂടം അറിയിച്ചു.
പുല്‍വാമയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. കൊടും ഭീകരന്‍ മസൂദ് അസറാണ് ജെയ്‌ഷെ തലവന്‍.ക്യാംപിനുള്ളില്‍ 600 വിദ്യാര്‍ത്ഥികളും 70 അധ്യാപകരുമാണുള്ളത്. ഇവരുടെ സുരക്ഷ പഞ്ചാബ് പോലീസ് ഏറ്റെടുത്തു.പാക് പഞ്ചാബ് ഭരണകൂടം ജെയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് പാക് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. പ്രസ്താവന വൈകിപ്പിക്കാന്‍ പാകിസ്ഥാനും ചൈനയും നേരത്തെ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു.
Post Your Comments