Kerala

പണവുമായി കാണാതായ ജല അതോറിറ്റി ജീവനക്കാരന്റെ ഭാര്യക്ക്‌ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

ജല അതോറിറ്റി ജീവനക്കാരനായിരിക്കെ ഓഫീസിലെ ചെക്കുമായി കാണാതായ ജീവനക്കാരന്റെ ഭാര്യക്ക്‌ കുടുംബ പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കണമെന്ന്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. 1990 ഡിസംബര്‍ 20 ന്‌ കാണാതായ ചന്ദ്രശേഖരനെതിരെ 2000 ത്തില്‍ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ അച്ചടക്കനടപടി സ്വീകരിച്ചത്‌ എങ്ങനെയാണെന്ന്‌ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ്‌ ചോദിച്ചു. ഒരു വ്യക്തിയെ കാണാതായി 7 വര്‍ഷം കഴിഞ്ഞാല്‍ മരിച്ചതായി കണക്കാക്കണമെന്നാണ്‌ നിയമമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വ്യക്തിയെ കാണാതായി 10 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മുന്‍കാലപ്രാബല്യത്തോടെ സസ്‌പെന്‍ഷന്‍ നടപ്പിലാക്കിയത്‌ അദ്ദേഹത്തിന്റെ ഭാര്യക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മന:പൂര്‍വ്വം ലഭ്യമാക്കാതിരിക്കാനുള്ള അന്യായ നടപടിയാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അയ്യന്തോള്‍ പുതൂര്‍ക്കര സ്വദേശി ശാന്തകുമാരി സമര്‍പ്പിച്ച പരാതിയിലാണ്‌ നടപടി. 28 വര്‍ഷമായി സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന തനിക്ക്‌ കുടുംബപെന്‍ഷനെങ്കിലും അനുവദിക്കണമെന്നാണ്‌ പരാതിക്കാരിയുടെ ആവശ്യം.

കമ്മീഷന്‍ ജലഅതോറിറ്റി എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയറില്‍ നിന്നും റിപ്പോര്‍ട്ട്‌ വാങ്ങി. ഓഫീസിലുള്ള 56,119 രൂപയുടെയും 3000 രൂപയുടെയും ചെക്കുമായാണ്‌ പരാതിക്കാരിയുടെ ഭര്‍ത്താവ്‌ ചന്ദ്രശേഖരനെ കാണാതായതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. അനേ്വഷിച്ചപ്പോള്‍ ബാങ്കില്‍ നിന്നും പണം മാറിയെടുത്തതായി മനസിലാക്കി. 2000 ഫെബ്രുവരി 29 ലെ തീരുമാനപ്രകാരം 46,357 രൂപ ജലഅതോറിറ്റി എഴുതി തള്ളി. ചന്ദ്രശേഖരന്റെ സര്‍വീസ്‌ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഭാര്യ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയില്‍ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഫിനാന്‍സ്‌ ഓഫീസര്‍ ആന്റ്‌ ചീഫ്‌ അക്കൗണ്ടന്റ്‌ ഓഫീസറുടെ ഉത്തരവ്‌ പ്രകാരം ചന്ദ്രശേഖരനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്‌തതിനാല്‍ പരാതിക്കാരിക്ക്‌ കുടുംബപെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കാനാവില്ലെന്നും റിപ്പൊര്‍ട്ടിലുണ്ട്‌. സര്‍വീസിലിരിക്കെ കാണാതായ വ്യക്തിയെ 7 വര്‍ഷം കഴിഞ്ഞിട്ടും കണ്ടുകിട്ടിയില്ലെങ്കില്‍ മരിച്ചതായി കണക്കാക്കി അവകാശിക്ക്‌ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ജില്ലാകളക്‌ടറുടെ ഉത്തരവ്‌ പരാതിക്കാരി കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഡബ്ല്യൂ പി സി 8107/10 നമ്പര്‍ കേസില്‍ 2012 മേയ്‌ 22 ന്‌ ജസ്റ്റിസ്‌ സിരിജഗല്‍ ഇത്തരമൊരു ഉത്തരവ്‌ പാസാക്കിയിട്ടുണ്ടെന്ന്‌ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ചന്ദ്രശേഖരനെ നാളിതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്‌ കാണിക്കുന്ന ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനിലെ സര്‍ട്ടിഫിക്കേറ്റ്‌ കാണാതായത്‌ സംബന്ധിച്ച്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ ഐ ആര്‍, പരാതിക്കാരി അവകാശിയാണെന്ന്‌ കാണിക്കുന്ന രേഖ, അവകാശി മുദ്രപത്രങ്ങള്‍ നല്‍കിയ നഷ്‌ടോത്തരവാദ രേഖ എന്നിവ ഹാജരാക്കിയാല്‍ പരാതിക്കാരിക്ക്‌ കുടുംബപെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കണമെന്നാണ്‌ ഉത്തരവ്‌. ജലഅതോറിറ്റി എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ക്കാണ്‌ നിര്‍ദ്ദേശം നല്‍കിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button