Kerala

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുതൽ എറണാകുളം ജില്ലയിൽ: വനിതാ കമ്മിഷൻ

കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുതലും എറണാകുളം ജില്ലയില്‍ ആണെന്ന് വനിതാ കമ്മിഷന്റെ കണക്ക്. ഭർത്താവിന്റെ വീട് , തൊഴിലിടങ്ങൾ, സാമൂഹ്യമാധ്യമങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ സ്ത്രീകൾ വ്യാപക ചൂഷണം നേരിടുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വനിതാ കമ്മിഷന്‍ അദാലത്തിന്റെ രണ്ടാം ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.

വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു.വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന് മുന്നിലെത്തുന്നത്. എന്നാല്‍, ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടാകില്ല. ഇക്കാരണത്താല്‍ ആഭരണവും പണവും തിരികെ ലഭ്യമാക്കുന്നതിന് കഴിയുന്നില്ല.

വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് ആഭരണങ്ങളും പണവും നല്‍കുകയാണെങ്കില്‍ അത് നിയമപരമായ രീതിയില്‍ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണമെന്നും അധ്യക്ഷ നിര്‍ദേശിച്ചു.അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സ്ത്രീകളെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതുമായ പരാതികളും വര്‍ധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് വനിതാ കമ്മിഷന്‍ നിലപാട്. ജാഗ്രതാ സമിതികള്‍ക്ക് സ്റ്റാറ്റിയൂട്ടറി പദവി നല്‍കിയിട്ടുണ്ട്.

സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതായ പരാതികളും ഉണ്ട്. ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ പരാതിയുമായി സൈബര്‍ പൊലീസ് സംവിധാനത്തെ സ്ത്രീകള്‍ ആശ്രയിക്കുന്നത് നല്ല പ്രവണതയാണ്. സ്ത്രീകള്‍ക്ക് നേരെ തൊഴിലിടങ്ങളിലും വ്യാപകമായ ചൂഷണം നടക്കുന്നു. ഇത് ഐ ടി മേഖലയിലും കൂടുതലാണ്. പലരെയും കാരണം കാണിക്കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നുണ്ട്. അത്തരത്തില്‍ വന്ന ഒരു പരാതിയില്‍ അര്‍ഹമായ ആനുകൂല്യവും നഷ്ടപരിഹാരവും ലഭ്യമാക്കുവാന്‍ വനിതാ കമ്മിഷന്റെ ഇടപെടലിലൂടെ സാധിച്ചു എന്നും ഇവർ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button