കൊച്ചി: 2014 ലെ ലോകസഭ തെരഞ്ഞെടുപ്പ് പരസ്യങ്ങളിലൂടെ മോദി ബ്രാന്‍ഡിന് രൂപം നല്‍കിയ പിയൂഷ് പാണ്ഡെ ഇ തവണയും ബിജെപിക്കായി പരസ്യങ്ങള്‍ ഒരുക്കും. പരസ്യ ആശയങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും പ്രചരണ തന്ത്രങ്ങള്‍ക്ക് ഉടന്‍ രൂപമാകുമെന്നും പിയൂഷ് പാണ്ഡെ കൊച്ചിയില്‍ പറഞ്ഞു. ആഗോള അഡ്വര്‍ടൈസിങ്ങ് അസ്സോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന ശക്തമായ മുദ്രാവാക്യമാണ് 2014 ല്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത്. പിയൂഷ് പാണ്ഡെയെന്ന വിഖ്യാത പരസ്യ സൃഷ്ടാവിന്റെ ബുദ്ധിയില്‍ വിടര്‍ന്ന ഈ പ്രചരണ തന്ത്രമാണ് അന്ന് മോദിക്ക് തുണയേകിയത്. ബിജെപിയേക്കാള്‍ നരേന്ദ്ര മോദിക്ക് പ്രാധാന്യം നല്‍കുന്ന പ്രചരണ രീതിയായിരുന്നു പിയൂഷ് പാണ്ഡെ അന്ന് ആവിഷ്‌ക്കരിച്ചത്. രാജ്യത്തിന്റെ മുക്കും മൂലയിലുമുള്ള അച്ചടി മാധ്യമങ്ങളിലടക്കം മോദിയെന്ന ബ്രാന്‍ഡിനെ വിജയകരമായി അവതരിപ്പിക്കാന്‍ പിയൂഷ് പാണ്ഡെക്കായി. വരുന്ന ലോകസഭ തെരഞ്ഞെടുപ്പിലും ബിജെപിയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണെന്നും ഇതിന്റെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും പിയൂഷ് പാണ്ഡെ പറഞ്ഞു.
1988 ലെ മിലേ സുര്‍ മേരാ തുമാരാ എന്ന ക്യാമ്പയിനിലൂടെ ദേശീയ ശ്രദ്ധ നേടിയ പിയൂഷ് നിരവധി ആഗോള ബ്രാന്‍ഡുകള്‍ക്കു വേണ്ടി ശ്രദ്ധേയമായ പരസ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ച പിയൂഷ് പാണ്ഡെയെ 2016 ല്‍ മോദി സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
Post Your Comments