തൃശൂര്‍ : ടി.എന്‍ടി ചിട്ടിത്തട്ടിപ്പിന്റെ പുതിയ കഥകളാണ് പുറത്തുവരുന്നത്. രണ്ട് ചാക്കുകള്‍ നിറയെ
ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും ഗുരുവായൂരിലെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്തു.
രേഖകള്‍ രണ്ട് വലിയ പ്ലാസ്റ്റിക് ചാക്കുകളിലാക്കി സുരക്ഷിതമല്ലാത്ത മുറിയിലാണ് വെച്ചിരുന്നത്. തീയതിയും തുകയുമെഴുതാത്ത ഒമ്പതിനായിരത്തിലേറെ ചെക്കുകള്‍, നാലായിരത്തഞ്ഞൂറോളം മുദ്രപ്പത്രങ്ങള്‍ എന്നിവ ലഭിച്ചു. കുറിക്കമ്പനിക്ക് ഇടപാടുകാര്‍ ഈടായി നല്‍കിയിട്ടുള്ളതാണ് എല്ലാ രേഖകളും. ബുധനാഴ്ച ഉച്ചയോടെ ഗുരുവായൂര്‍ വടക്കേനടയിലെ സൂര്യമാധവം അപ്പാര്‍ട്ട്‌മെന്റിലാണ് പരിശോധന നടന്നത്.
കെട്ടിടത്തിന്റെ നാലാംനിലയില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ രേഖകള്‍ കണ്ടപ്പോള്‍ അവിടത്തെ ജീവനക്കാരനാണ് പോലീസിനെ അറിയിച്ചത്. ടി.എന്‍.ടി. കുറിക്കമ്പനിക്ക് ഗുരുവായൂരില്‍ ശാഖയില്ല. എന്നാല്‍, ജില്ലയിലെ വിവിധ ശാഖകളിലെ രേഖകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് സി.ഐ. പറഞ്ഞു.
രേഖകള്‍ പല കെട്ടുകളിലാക്കിയാണ് ചാക്കില്‍ നിറച്ചുവെച്ചിരുന്നത്. കമ്പനിയുടെ വിവിധ ശാഖകളില്‍ പരിശോധനകള്‍ നടക്കുന്നതിനാല്‍ അവിടെനിന്ന് രേഖകള്‍ മാറ്റിയതാകാമെന്നാണ് പറയുന്നത്. എന്നാല്‍, കമ്പനിക്കുവേണ്ടി പണം പിരിച്ചിരുന്ന ഒരു ജീവനക്കാരി കുടുംബസമേതം ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നതായി സൂചനയുണ്ട്.
അവരെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുകയാണ്. അപ്പാര്‍ട്ട്‌മെന്റിലെ സ്ഥിരതാമസക്കാരായ മറ്റുള്ളവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.
Post Your Comments