കൊച്ചി: കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡറായി സുരേഷ് ഗോപിയെ തീരുമാനിച്ച നടപടി മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തി. കെ.എം.ആര്‍.എല്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചതാണ് ഇത്. ജെപി രാജ്യസഭാംഗത്തെ ബ്രാന്റ് അംബാസിഡര്‍ ആക്കിയത് വന്‍ വിവാദമായതിന് പിന്നാലെയാണ് തീരുമാനം പിന്‍വലിച്ച് വിശദീകരണ കുറിപ്പ് ഇറക്കിയത്.
മെട്രോ യാത്രക്കാരുടെ വിവര ശേഖരണത്തിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയപ്പോഴാണ് വിവാദമായ പ്രഖ്യാപനം നടന്നത്. പരിപാടിയുടെ അധ്യക്ഷനായ കെ.എം.ആര്‍.എല്‍ എംഡി മുഹമ്മദ് ഹനീഷ്, മെട്രോയുടെ ബ്രാര്‍ന്റ് അംബാസിഡര്‍ ആകണമെന്ന് സുരേഷ് ഗോപിയോട് ആഭ്യര്‍ത്ഥിക്കുകയായിരുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ മെട്രോയുടെ ആവശ്യം സുരേഷ്‌ഗോപി അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ബിജെപി രാജ്യസഭാംഗത്തെ കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡര്‍ ആക്കി പ്രഖ്യാപിച്ച സംഭവം വന്‍ വിവാദമായി. ഉടന്‍ കൊച്ചി മെട്രോ അധികൃതര്‍ തീരുമാനം തിരുത്തുകയായിരുന്നു. സുരേഷ് ഗോപി ഒദ്യോഗിക ബ്രാന്റ് അംബാസിഡര്‍ അല്ലെന്നും മെട്രോയുടെ ജനോപകാര പദ്ധതികളുടെ ഭാഗമായി സഹകരിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും കെഎംആര്‍എല്‍ അറിയിച്ചു. മെട്രോ യാത്രികരുടെ എണ്ണം, ഇവര്‍ ഉപയോഗിക്കുന്ന വാഹനസൗകര്യങ്ങള്‍, തുടങ്ങി മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് പഠനവിധേയമാക്കാനാണ് കെ.എം.ആര്‍എല്ലിന്റെ പുതിയ പദ്ധതി. നിലവിലെ ഫീഡര്‍ സര്‍വീസുകള്‍ക്ക് പുറമെ അനുബന്ധ ഗതാഗത സൗകര്യങ്ങള് വര്‍ധിപ്പിക്കുക എന്ന വലിയ നേട്ടം കൈവരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Post Your Comments