കാസര്‍കോട്: കാസര്‍കോട് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീട്് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. സന്ദശനത്തിനിടെ ശരത്തിന്റെ അച്ഛന്‍ സത്യനാരായണന്‍ മന്ത്രിയോട് പൊട്ടിത്തെറിച്ചു. ‘എന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു എന്ന് സത്യനാരായണന്‍ മന്ത്രിയോട് ചോദിച്ചു.
” സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാരാണ് ജീവനെടുത്തത്. പാര്‍ട്ടിക്കാരാണ് ഗൂഢാലോചന നടത്തിയത്. മനശാന്തി കിട്ടണമെങ്കില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടണം. ഇന്നോ ഇന്നലെയോ തുടങ്ങിയ ഗൂഢാലോചനയല്ല, കുഞ്ഞുങ്ങള്‍ എന്ത് തെറ്റ് ചെയ്തു. അവനൊരു ക്രിമനല്‍ ഒന്നും അല്ല. പീതാംബരന്റെ തലയ്ക്ക് കുറ്റമിടാനാണ് ശ്രമിക്കുന്നത്. സിബിഐ വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകുമോ ?”എന്നും സത്യനാരായണന്‍ മന്ത്രിയോട് പൊട്ടിത്തെറിച്ചു. സര്‍ക്കാര്‍ പ്രതിനിധിയായിട്ടാണ് തന്റെ സന്ദര്‍ശനമെന്ന് മന്ത്രി അറിയിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം കാര്‍കോട്ട് എത്തിയത്.
കൊലപാതക രാഷ്ട്രീയത്തെ എല്ലാവരും തള്ളണമെന്ന് കൃപേഷിന്റെ വീട്ടിലെത്തിയ മന്ത്രി പറഞ്ഞു. രാഷ്ട്രീയമായ തര്‍ക്കം ആളുകള്‍ തമ്മിലുള്ളപ്പോള്‍ അത് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തെ ഏതെങ്കിലും പാര്‍ട്ടിയോ മുന്നണിയോ സര്‍ക്കാരോ അംഗീകരിക്കില്ല. ഇടതുമുന്നണിയും അംഗീകരിക്കില്ല. കൊലപാതകം എപ്പോഴും വ്യക്തികള്‍ ചേര്‍ന്ന് നടക്കുന്ന സംഘട്ടനത്തിന്റെ ഭാഗമാകാം. അത് പോലും ഇവിടെ ഉണ്ടായിട്ടില്ല. അക്രമത്തെ തുടര്‍ന്നുണ്ടായ മരണമാണ്. കൊല്ലപ്പെട്ടവരും കൊലചെയ്തവരും രണ്ട് പ്രസ്ഥാനത്തിലായാല്‍ ബാക്കിയെല്ലം വ്യാഖ്യാനിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം നിലവിലെ കേസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ കേസ് അന്വേഷിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ അറിയിച്ചു. കൊലയ്ക്കു പിന്നില്‍ മാസങ്ങളുടെ ഗൂഡാലോചന ഉണ്ടെന്നും, കൊലപാതകം നടന്നത് കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ പ്രേരണയിലാണെന്നും ശരത്തിന്റെ അച്ഛനും ആരോപിച്ചു.
Post Your Comments