KeralaLatest NewsNews

12 മുതല്‍ മദ്യ വിലയില്‍ കുറവ് വന്നിരിക്കുന്നു എന്ന ബോര്‍ഡ്; സാധനം വാങ്ങാന്‍ ആളുകളുടെ തരക്കേടില്ലാത്ത ക്യൂവും; അമളി പറ്റിയ മദ്യപന്‍മാര്‍

ഒരു സുപ്രഭാതത്തില്‍ ദേശീയപാതയോരത്തു പാതിരപ്പള്ളിയില്‍ ഒറ്റ രാത്രി കൊണ്ടു പുതിയൊരു മദ്യശാല! മുന്നില്‍ ’12-1-2019 മുതല്‍ മദ്യ വിലയില്‍ കുറവ് വന്നിരിക്കുന്നു’ എന്ന ബോര്‍ഡ്. സാധനം വാങ്ങാന്‍ ആളുകളുടെ തരക്കേടില്ലാത്ത ക്യൂവും. ആരായാലും ഒന്ന് കയറിപ്പോകും. പ്രത്യേകിച്ച് മദ്യപാനികളാണെങ്കില്‍. ബവ്‌റിജസ് കോര്‍പറേഷന്റെ പുതിയ മദ്യവില്‍പനശാല തന്നെ എന്നുറപ്പിച്ചു ചിലര്‍ ആവേശത്തോടെ ക്യൂവില്‍ അണിനിരന്നപ്പോള്‍ മറ്റുചിലരുടെ പ്രതിഷേധം. എന്നാലും ഉന്തിലും തള്ളിനുമിടയില്‍ പലരും കയറിപ്പറ്റി. ചുറ്റും നോക്കിയപ്പോഴാണു വെള്ളിത്തിരയിലെ പരിചിത മുഖം ക്യൂവിനടുത്തു കണ്ടത്.

പന്തികേടു മണത്തു ക്യൂവില്‍ നിന്നവരില്‍ ചിലര്‍ പതുക്കെ ‘സ്‌കൂട്ടായി’. മറ്റു ചിലര്‍ എന്തും വരട്ടെയെന്നു കരുതി ‘ആടാതെ’ ഉറച്ചു നിന്നു. സംഗതി സിനിമാ ഷൂട്ടിങ്ങിനിട്ട സെറ്റാണെന്നു മനസ്സിലാകും വരെ മാത്രം! ജയറാം നായകനാവുന്ന ‘ഗ്രാന്‍ഡ് ഫാദര്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഒരുക്കിയ മദ്യവില്‍പനശാലയുടെ മുന്നിലെ രംഗങ്ങളാണു പാതിരപ്പള്ളിയിലെ നാട്ടുകാര്‍ക്കും യാത്രികര്‍ക്കും ചിരിക്കാഴ്ച സമ്മാനിച്ചത്.

ദേശീയപാതയോരത്ത് പാതിരപ്പള്ളി ജംക്ഷനു സമീപം പൂട്ടിക്കിടന്ന കടയ്ക്കാണ് അണിയറ പ്രവര്‍ത്തകര്‍ മദ്യവില്‍പന ശാലയുടെ ‘മേക്കപ്’ ഇട്ടത്. ബവ്‌റിജസ് കോര്‍പറേഷന്റെ വിദേശമദ്യഷോപ്പ് എന്ന ബോര്‍ഡും കറുവാച്ചിറയെന്നു സ്ഥലപ്പേരും ചേര്‍ത്തിരുന്നു. രണ്ട് കടമുറികളിലായി നിറയെ മദ്യക്കുപ്പികളും അടുക്കി. മദ്യശാലകളിലെ പതിവു കാഴ്ചകളായ ‘ജവാന്‍ സ്റ്റോക്കില്ല’, ‘കൗണ്ടര്‍ വിടുന്നതിനു മുന്‍പ് ബാലന്‍സ് തുക എണ്ണി തിട്ടപ്പെടുത്തുക’ തുടങ്ങിയ ബോര്‍ഡുകളും വിലനിലവാര പട്ടികയും. കടയ്ക്കു മുന്നിലെ കൗണ്ടറും ഇവിടേക്ക് ഇരുമ്പുകമ്പി ഉപയോഗിച്ചുള്ള വേലിയും കൂടിയായതോടെയാണ് ഒറിജിനലിനെ വെല്ലുന്ന മദ്യക്കട നാട്ടുകാരില്‍ ചിലരെ അല്‍പനേരത്തേക്കെങ്കിലും ഭ്രമിപ്പിച്ചത്
ക്യൂവില്‍ നില്‍ക്കുന്നവരോട് 2000 രൂപ നോട്ട് നീട്ടി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി സാധനം വാങ്ങാന്‍ പറയുന്നതും എന്നാല്‍ ക്യൂ നില്‍ക്കുന്നവര്‍ ഇയാളെ ഓടിക്കുന്നതുമാണു ചിത്രീകരിച്ചത്. മദ്യശാലയ്ക്ക് മുന്നിലെത്തിയ നാട്ടുകാരെ തന്നെ ക്യൂവില്‍ നിര്‍ത്തിയാണു സിനിമ ചിത്രീകരിച്ചത്.
‘ബീവറേജ്’ ഒന്നും വന്നില്ലേലും സിനിമയില്‍ മുഖം കാണിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണു നാട്ടുകാരില്‍ പലരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button