ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് ചേക്കേറിയ കീർത്തി ആസാദ് കോൺഗ്രസിന് തലവേദനയാകുന്നു. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ചെയ്ത് തന്നിട്ടുള്ള സഹായങ്ങൾ ഓർത്തെടുത്ത് കീർത്തി ആസാദ് പ്രസംഗിച്ചതാണ് കോൺഗ്രസ്സിന് തലവേദനയായത്. തനിക്കും പിതാവിവും വേണ്ടി കോൺഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്നാണ് കീർത്തി ആസാദിന്റെ അവകാശ വാദം.മുൻ കോൺഗ്രസ് നേതാവും ബീഹാർ മുഖ്യമന്ത്രിയുമായിരുന്ന ഭഗവത് ജാ ആസാദിന്റെ മകനാണ് കീർത്തി ആസാദ്. 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു കീർത്തി ആസാദ്.
കോൺഗ്രസ് നേതാവായ നാഗേന്ദ്രജിക്ക് വേണ്ടി പ്രവർത്തകർ പോളിംഗ് ബൂത്തുകൾ പിടിച്ചെടുത്തിരുന്നു. എന്റെ പിതാവിന് വേണ്ടിയും ബൂത്തുകൾ പിടിച്ചെടുത്തിരുന്നു. 1999ൽ തനിക്ക് വേണ്ടിയും പോളിംഗ് ബൂത്ത് പിടിച്ചെടുത്തു. അന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ ഉണ്ടായിരുന്നില്ലെന്ന് കീർത്തി ആസാദ് പറയുന്നു. ബീഹാർ കോൺഗ്രസ് അധ്യക്ഷൻ മദൻ മോഹൻ ഝായുടെ പിതാവാണ് നാഗേന്ദ്ര ഝാ. കീർത്തി ആസാദിന്റെ പിതാവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്നു നാഗേന്ദ്ര ഝാ. കീർത്തി ആസാദിന്റെ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
പ്രസ്താവന വിവാദമായപ്പോൾ തിരുത്തലുമായി കീർത്തി ആസാദ് രംഗത്ത് എത്തി. തന്നെ കോൺഗ്രസിനോട് സ്വാഗതം ചെയ്യുന്ന ഒരു ചടങ്ങായിരുന്നു അത്. കോൺഗ്രസ് പാർട്ടിയുമായുളള തന്റെ അനുഭവം പങ്കുവയ്ക്കാൻ അവർ ആവശപ്പെടുകയായിരുന്നു. കോൺഗ്രസ് തിരഞ്ഞെടുപ്പ് മാനേജ്മെന്റ് എങ്ങനെയാണെന്നും വോട്ടർമാരെ അവർ എങ്ങനെയാണ് ആകർഷിക്കുന്നതെന്നുമാണ് താൻ വിശദീകരിക്കാൻ ശ്രമിച്ചതെന്നാണ് കീർത്തി ആസാദ് പറയുന്നത്.
2015ൽ ധനമന്ത്രി അരുൺ ജെയ്റ്റിലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കീർത്തി ആസാദിനെ ബിജെപി സസ്പെന്റ് ചെയ്യുന്നത്. കീർത്തി ആസാദിന്റെ കോൺഗ്രസ് പ്രവേശനം ഏറെ നാളുകളായി പ്രതീക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നു. പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തതിന് ശേഷം ബിജെപിയുടെ കടുത്ത വിമർശകനായിരുന്നു കീർത്തി ആസാദ്.
Post Your Comments