Latest NewsKerala

ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതില്‍ മുന്തിയ പരിഗണന നല്‍കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍

ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതില്‍ മുന്തിയ പരിഗണന നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഭൂരഹിത പ്രളയബാധിത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കുള്ള ഭൂമി വിതരണത്തിന്റെയും പുനരധിവാസ പ്രവൃത്തിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് നിലമ്പൂരില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഭൂരഹിതരായ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പട്ടയം നല്‍കി. ശേഷിക്കുന്ന ഭൂരഹിതര്‍ക്ക് സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകും മുമ്പ് പട്ടയം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

മൊടവണ്ണയില്‍ നടപ്പാലം നിര്‍മിക്കുന്നത് സംബന്ധിച്ചുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കി പാലം ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. നിലമ്പൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന തുവ്വൂര്‍ വില്ലേജിനെ ഏറനാട് താലൂക്കിലേക്ക് ചേര്‍ത്തിയതായും ഇതോടെ തുവ്വൂര്‍ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യം നിറവേറ്റിയതായും മന്ത്രി പറഞ്ഞു. സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് വളരെ പെട്ടെന്ന് തന്നെ ആദിവാസികള്‍ക്ക് പട്ടയം നല്‍കിയതിന് സഹായിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ 34 കുടുംബങ്ങള്‍ക്കാണ് പ്രളയാനന്തര പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടയം നല്‍കിയത്. ജില്ലയില്‍ പ്രളയത്തെ തുടര്‍ന്നു ഏറെ പ്രയാസമനുഭവിച്ച നിലമ്പൂര്‍ താലൂക്കിലെ ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂല പൂളപ്പൊട്ടി, ചെട്ടിയന്‍പാറ കോളനികളിലെ ആദിവാസികളുള്‍പ്പെടെയുള്ളവര്‍ക്കാണ് പട്ടയം നല്‍കിയത്. അകമ്പാടം വില്ലേജിലെ കണ്ണന്‍കുണ്ട് പ്രദേശത്ത് വനം വകുപ്പില്‍ നിന്നു റവന്യൂ വകുപ്പ് ഏറ്റെടുത്ത 25 ഏക്കര്‍ ഭൂമിയില്‍ 50 സെന്റ് വീതമുള്ള ഭൂമിയുടെ പട്ടയമാണ് വിതരണം ചെയ്തത്. ഈ മേഖലയില്‍ പ്രളയത്തിനരയായ 22 കുടുംബങ്ങള്‍ക്കു പുറമെ ചാലിയാര്‍ പഞ്ചായത്തിലെ ഭൂരഹിതരായ പുറമ്പോക്കില്‍ താമസിക്കുന്ന 12 കുടുംബങ്ങള്‍ക്കും ഭൂമി വിതരണം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button