മലപ്പുറം; ഇതരമതവിഭാഗത്തില്‍പ്പെട്ട കമിതാക്കളെ ഒന്നാവാന്‍ സഹായിച്ചത് സ്ഥലം എം.എല്‍.എ. യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ ഹര്‍ത്താലില്‍ പെട്ടുപോയത് ആറ് വര്‍ഷമായി പ്രണയിച്ച് വിവാഹത്തിനായ കാത്തിരുന്ന കമിതാക്കളെയാണ്. മതവും വീട്ടുകാരുടെ എതിര്‍പ്പുമൊന്നും വകവെക്കാതെയാണ് സബിലാഷും മെറിന്‍ മേരിയും വിവാഹം കഴിക്കാനായി രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി വന്ന ഹര്‍ത്താലില്‍ ഇരുവരും പെട്ടു. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ കമിതാക്കള്‍ കണ്ടത് ഷട്ടര്‍ പാതിയോളം അടച്ചിട്ട ഓഫീസാണ്. വിവാഹ സ്വപ്നങ്ങള്‍ അവസാനിച്ചെന്ന് കരുതിയപ്പോഴാണ് സ്ഥലം എംഎല്‍എ ഇടപെടുന്നത്. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അങ്ങനെ ആറ് വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു.
മലപ്പുറം താനൂരില്‍ ഇന്നലെയാണ് സംഭവം. താനൂര്‍ വലിയപറമ്പില്‍ സ്വദേശി സബിലാഷും പത്തനംതിട്ട വെണ്ണിക്കുളം മെറിന്‍മേരി ജോണ്‍സണും കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. രാവിലെ പത്തുമണിയോടെയാണ് സബിലാഷും മെറിന്‍മേരിയും കൂട്ടുകാരും രജിസ്ട്രാര്‍ ഓഫീസില്‍ എത്തുന്നത്. ഹര്‍ത്താല്‍ ആയതിനാല്‍ ഓഫീസിന്റെ ഷട്ടര്‍ പകുതിയോളം അടച്ചിട്ടിരിക്കുകയായിരുന്നു. രജിസ്ട്രാറെ കണ്ട് വിവരം പറഞ്ഞെങ്കിലും ഹര്‍ത്താല്‍ അനുകൂലികളെ ഭയന്ന് അദ്ദേഹം ഓഫീസ് തുറക്കാന്‍ തയ്യാറായില്ല.
സബിലാഷിന്റെ സുഹൃത്ത് മുകേഷ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി. ശശികുമാറിനെ ബന്ധപ്പെട്ടു. അദ്ദേഹം വി. അബ്ദുറഹിമാന്‍ എം.എല്‍.എയെ വിളിച്ച് കാര്യം പറഞ്ഞു. എം.എല്‍.എ. സ്ഥലത്തെത്തി ഓഫീസ് തുറപ്പിച്ച് വിവാഹത്തിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു. വിവാഹം നടത്തി ദമ്പതിമാരെ അനുഗ്രഹിച്ചശേഷമാണ് എംഎല്‍എ മടങ്ങിയത്. സബിലാഷ് കെട്ടിട നിര്‍മാണത്തൊഴിലാളിയാണ്. മെറിന്‍ മേരി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സും.
Post Your Comments