ന്യൂഡല്‍ഹി: കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ഇന്ത്യയുടെ അതിവേഗ തീവണ്ടി ‘വന്ദേ ഭാരത് ട്രയിന്‍’ ബ്രേക്ക് ഡൗണായതിനെ കളിയാക്കിയവര്‍ക്കെതിരെ പ്രധാനമന്ത്രി. അതിവേഗ തീവണ്ടിക്കെതിരെ പരാമര്‍ശം നടത്തുന്നവര്‍ ആ തീവണ്ടി നിര്‍മിക്കുന്നതിന് വിയര്‍പ്പൊഴുക്കിയ എഞ്ചിനിയര്‍മാരുടെയും ടെക്നീഷ്യന്‍മാരുടെയും പരിശ്രമത്തെയാണ് അപമാനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
“രാജ്യത്തെ ആദ്യ സെമി ഹൈ സ്പീഡ് ട്രയിനിനെ ചിലര്‍ പരിഹസിക്കുകയാണ്. ഇത് നിര്‍ഭാഗ്യകരമാണ്. ഈ പ്രൊജക്ടില്‍ പങ്കാളികളായ എഞ്ചിനിയര്‍മാരെയും സാങ്കേതിക വിദഗ്ദരെയും പരിഹസിക്കുന്നതിന് തുല്യമാണ് ഇത്. ട്രയിന്‍ നിര്‍മിച്ച എഞ്ചിനിയര്‍മാരെയും ടെക്നീഷ്യന്‍മാരെയും കളിയാക്കുന്നവര്‍ രാജ്യത്തെയാണ് കളിയാക്കുന്നതെന്ന് ഓര്‍മിക്കണം”- വാരണാസിയിൽ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം.ഭാവിയില്‍ ഇന്ത്യയില്‍ ബുള്ളറ്റ് ട്രയിനുകള്‍ നിര്‍മിക്കാന്‍ പോകുന്ന എഞ്ചിനിയറിങ് പ്രൊഫഷണലുകളെ താന്‍ സല്യൂട് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഞ്ചിനിയര്‍മാരെയും ടെക്നീഷ്യന്‍മാരെയും കളിയാക്കുന്നത് ശരിയാണോ ? ഇങ്ങനെ പരിഹസിക്കുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും വന്ദേ ഭാരത് ട്രയിന്‍ ബ്രേക്ക് ഡൗണ്‍ ആയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശകര്‍ക്ക് എതിരെ തിരിഞ്ഞത്.
ട്രെയിനിന് 160 കിലോമീറ്ററാണ് പരമാവധി വേഗം. 97 കോടി രൂപ ചെലവില്‍ 18 മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകളുള്ള ട്രെയിന്‍ ഓടാന്‍ പ്രത്യേക എന്‍ജിന്റെ ആവശ്യമില്ല. മെട്രോ ട്രെയിനുകളുടെ മാതൃകയില്‍ കോച്ചുകള്‍ക്ക് അടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്‌ട്രിക് മോട്ടോറുകളുടെ സഹായത്തോടെയാണ് ട്രെയിന്‍ ചലിക്കുന്നത്.
Post Your Comments