കോല്‍ക്കത്ത: ശാരദ, റോസ് വാലി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്ത കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സര്‍ക്കാര്‍ സ്ഥലംമാറ്റി. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായാണു സ്ഥലംമാറ്റം. അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സ്ഥലംമാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ചു ദിവസത്തെ സിബിഐ ചോദ്യം ചെയ്യലിനുശേഷം കഴിഞ്ഞ ദിവസമാണ് രാജീവ് കുമാര്‍ മടങ്ങിയെത്തിയത്.
ആദ്യം അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ വിസമ്മതിച്ച രാജീവ് കുമാര്‍, പിന്നീട് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിനു വിധേയനാകാന്‍ തയാറായത്. ചോദ്യം ചെയ്യലിനിടെ രാജീവിനെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീം കോടതി സിബിഐക്കു നിര്‍ദേശം നല്‍കിയിരുന്നു.മൂന്നു വര്‍ഷമായി രാജീവ് കുമാറാണ് കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ പദവി വഹിച്ചിരുന്നത്. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനുജ് ശര്‍മയാണ് രാജീവ് കുമാറിനു പകരക്കാരന്. നേരത്തെ, ഇദ്ദേഹം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്നു.
ശാരദ ചിട്ടിത്തട്ടിപ്പുമായ ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാര്‍. 2013-ല്‍ ആണ് രാജീവ് കുമാറിനെ സംഘത്തിന്റെ തലവനായി നിയമിക്കുന്നത്. കേസില്‍ കാണാതായ രേഖകളേയും ഫയലുകളേയും സംബന്ധിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രാജീവ് കുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. ഇദ്ദേഹം കേസില്‍ പലരേയും രക്ഷിക്കുന്നതിനായി പ്രധാനപ്പെട്ട പല വിവരങ്ങളും നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്തെന്നാണ് സിബിഐ സംശയിക്കുന്നത്.
Post Your Comments