പറവൂര്‍: പ്രശസ്ത സാഹിത്യകാരന്‍ പി കേശവദേവിന്റെ ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുത്തു. രജിസ്‌ട്രേഷന്‍ നടപടി കഴിഞ്ഞദിവസം പൂര്‍ത്തിയായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിറയുന്ന മ്യൂസിയം മുസിരിസ് പൈതൃകസംരക്ഷണ പദ്ധതിപ്രകാരം ഒരുക്കും. നവീകരണപ്രവര്‍ത്തനങ്ങള്‍ അടുത്ത സാമ്പത്തികവര്‍ഷം ആരംഭിക്കുമെന്ന് മുസിരിസ് പ്രോജക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ് പറഞ്ഞു.
മലയാള സാഹിത്യത്തിലെ തലമുതിര്‍ന്ന എഴുത്തുകാരന്‍ പി കേശവദേവ് കെടാമംഗലം നല്ലേടത്ത് വീട്ടില്‍ 1904 ജൂലൈ 20നാണ് ജനിച്ചത്. എഴുത്തിനൊപ്പം തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. 1983ല്‍ പറവൂരില്‍നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്കു പോയി. സ്ഥലം ഭാഗംവച്ചപ്പോള്‍ കേശവദേവിന്റെ അമ്മയുടെ അനുജത്തിക്കു വീട് ലഭിച്ചു. പിന്നീട് ഇവര്‍ വീടു വിറ്റു.
കേശവദേവിന്റെ ജന്മഗൃഹം പൈതൃക സ്മാരകമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ശര്‍മ എംഎല്‍എയും ഇ എം എസ് സാംസ്‌കാരിക പഠനകേന്ദ്രവും കെടാമംഗലം പപ്പുക്കുട്ടി സ്മാരക വായനശാലയും നടത്തിയ നിരന്തര ഇടപെടലാണ് ഇപ്പോള്‍ ലക്ഷ്യംകാണുന്നത്. വീട് ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്.
Post Your Comments