ആഡംബരജീവിതത്തിനായി തട്ടിപ്പ് നടത്തിയ എംബിഎ ബിരുദധാരിയായ യുവതിയും അമ്മയും പൊലീസ് പിടിയില്‍. ഗ്രേറ്റര്‍ കൈലാഷിലെ വീടിന്റെ വ്യാജരേഖകള്‍ സൃഷ്ടിച്ച് ഈ വീട് തന്നെ അഞ്ച് പേര്‍ക്ക് ഇവര്‍ വില്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ നേടിയ അനുരാധ കപൂര്‍ (43), അമ്മ മോളി കപൂര്‍ (65) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തട്ടിപ്പ് നടത്തി കൈക്കലാക്കിയ രണ്ടരകോടി രൂപയുപയോഗിച്ച് ഡല്‍ഹി എന്‍സിആറിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സുഖജീവിതം നയിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. യുകെ, യുഎസ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. പുതിയ ഇരകളെ കണ്ടെത്തി തട്ടിപ്പ് തുടരാനായിരുന്നു ഇവരുടെ പദ്ധതി. ന്യൂ ഫ്രണ്ട്സ് കോളനിയിലെ ഒരു ഹോട്ടലില്‍ അമ്മയും മകളും തങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവര്‍ക്കായി വലിവിരിക്കുകയായിരുന്നു.
അനുരാധയും അമ്മയും ചേര്‍ന്ന് 2014 – 15ല്‍ അഞ്ചുപേരെ പറ്റിച്ച് 2.5 കോടി രൂപ സ്വന്തമാക്കുകയായിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കി അഞ്ച് പേര്‍ക്കും ഒരേ വീട് വിറ്റ് കിട്ടിയ കാശുമായി മുങ്ങുകയായിരുന്നു ഇവര്‍. 2015ല്‍ ഗോവയില്‍ ഒരു കൊലപാതകകേസില്‍ അറസ്റ്റിലായ അനുരാധ ജാമ്യത്തിലിറങ്ങി അവിടെ നിന്ന് കടന്നു കളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
Post Your Comments