തിരുവനന്തപുരം: ഭക്തജനങ്ങളുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി. പൊങ്കാലയ്ക്ക് ഇനി ഒരു ദിവസം മാത്രം. രാവിലെ 10.15 ന് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാവുക. പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ഇതോടെ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴക്കൂട്ടം-കോവളം ദേശീയ പാത ബൈപാസില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ ബാരിക്കേഡുകള്‍ വെച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകള്‍, ദേശീയ പാത, എംജി റോഡ്, എം സി റോഡ്, ബണ്ട് റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിനുള്ളില്‍ മാത്രം ഗതാഗത നിയന്ത്രണത്തിനായി 50 ല്‍ അധികം ട്രാഫിക് വാര്‍ഡന്‍മാരെ നിയമിച്ചിട്ടുണ്ട്. അതേസമയം പൊങ്കാല ദിവസം നഗരാതിര്‍ത്തിയിലേക്ക് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. പൊങ്കാല കഴിഞ്ഞ് ആളുകള്‍ മടങ്ങുന്ന റോഡുകളിലൂടെ ടൂ വീലറുകള്‍ അനുവദിക്കില്ലെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
അതേസമയം 40 ലക്ഷത്തോളം സ്ത്രീകള്‍ ഇത്തവണ പൊങ്കാലയ്ക്കെത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. പലയിടത്തും ദിവസങ്ങള്‍ക്ക് മുമ്പേ പൊങ്കാല അടുപ്പുകള്‍ നിരന്നു. ഒരുവര്‍ഷത്തെ കാത്തിരിപ്പാണ് പലര്‍ക്കും ബുധനാഴ്ച സഫലമാകുന്നത്. പൊങ്കാലയ്ക്കെത്തുന്നവര്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്ന് നഗരസഭ നിര്‍ദ്ദേശം നല്‍കി. ശുചീകരണ ജോലികള്‍ക്കായി 2000 പേരെയാണ് ഇത്തവണ നഗരസഭ നിയോഗിക്കുന്നത്.
Post Your Comments